Trending

മനുഷ്യത്വത്തിന്റെ മാതൃക തീർത്ത് നഫീസ.

കൊടുവള്ളി: മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യൻ വേർതിരിവുകൾ തീർക്കുകയും നിസ്സാര കാര്യങ്ങൾക്ക് പോലും പരസ്പരം കലഹിക്കുകയും ചെയ്യുന്ന ഇക്കാലത്ത് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയെന്തെന്ന് നമ്മെ കാണിച്ചു തരുന്ന ചിലരുണ്ട്. വാവാട് പ്രദേശത്ത് ആറു ദിവസങ്ങൾക്ക് ശേഷം കിണറ്റിൽ നിന്നും പുറത്തെത്തിക്കപ്പെട്ട് പുതുജീവൻ ലഭിച്ച തെരുവുനായയ്ക്ക് കിണറിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിജീവനത്തിനുള്ള ഭക്ഷണം എത്തിച്ച് നൽകിയ വാവാട് കുന്നുമ്മൽ സഫീസ അത്തരത്തിലുള്ള മാതൃകയാണ്.

വാവാട് കുന്നുമ്മൽ അബ്ദുറഹിമാന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്നും തിങ്കളാഴ്ച ഇൻസൈറ്റ് ദുരന്ത നിവാരണ സേന പ്രവർത്തകർ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുന്നത് വരെ നഫീസ കൊട്ടയിലാക്കി കയറിൽ കെട്ടിയിറക്കി നൽകിയ ഭക്ഷണമാണ് നായയുടെ ജീവൻ നിലനിർത്തിയത്.

വേനൽക്കാലത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോൾ മാത്രമാണ് കുടിവെളളത്തിനായി ഉപയോഗിച്ചുവരുന്നതെന്നിരിക്കെ ആ കിണറിനടുത്തേക്ക് അധികമാരും പോവാറില്ലായിരുന്നു.  നായയുടെ തുടർച്ചയായുള്ള രോദനം കേട്ടാണ് നഫീസ കിണറ്റിനടുത്തെത്തിയത്. നഫീസയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു.

ജനപ്രതിനിധികളോടും അഗ്നിരക്ഷാസേനയോടും ബന്ധപ്പെട്ടെങ്കിലും കയ്യൊഴിഞ്ഞെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാട്‌സ്ആപ്പ് വഴി ആറാം ദിവസം വിവരമറിഞ്ഞ ഇൻസെറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ ഒടുവിൽ സ്ഥലത്തെത്തുകയും നായയെ സാഹസികമായി പുറത്തെത്തിക്കുകയുമായിരുന്നു.

വാവാട് കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യയും മലബാറിലെ അറിയപ്പെടുന്ന ഒറ്റമൂലി ചികിത്സകനായിരുന്ന വാവാട് കുരിയാണിക്കൽ പവീർകുട്ടി വൈദ്യരുടെ പേരമകളുമാണ് നഫീസ.
Previous Post Next Post
3/TECH/col-right