കോഴിക്കോട്: റെയില്‍വേ റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി. ഷിജിന്‍, മലപ്പുറം എടപ്പാള്‍ സ്വദേശി ബാബുമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാബുമോനെ എടപ്പാളില്‍ വച്ചും ഷിജിനെ ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ വച്ചുമാണ് പിടികൂടിയത്. ഇവരെ പിടികൂടിയ വിവരമറിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന ഷിജുവിനെ വഴിമധ്യേ പോലീസ് പിടികൂടുകയായിരുന്നു. തട്ടിപ്പ് വാര്‍ത്തയായതോടെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂവരെയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
2021 ജൂണില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങി എന്നതാണ് ഷിജുവിനെതിരെയുള്ള കുറ്റം. ഷിജുവിന്റെ സഹോദരനാണ് അറസ്റ്റിലായ ഷിജിന്‍. ജോലി ലഭിച്ചവര്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കിയിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് ബാബുമോന്‍. ഇവര്‍ക്കൊപ്പം തട്ടിപ്പ് നടത്തിയിരുന്ന എടപ്പാള്‍ സ്വദേശി അശ്വതി വാര്യരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
എം.കെ ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരന്‍. എസ്.സി മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാള്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയായിരുന്നു കൂടുതല്‍ ആളുകളെ തട്ടിപ്പിനിരയാക്കിയത്. കൃഷ്ണദാസിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്തു ആളുകളുടെ വിശ്വാസം ഉറപ്പു വരുത്തുകയായിരുന്നു. തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി മലബാറിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
Tags:
KOZHIKODE