Trending

മക്ക പ്രാര്‍ത്ഥനാ മുഖരിതം:വിശുദ്ധ ഹജ്ജിനു ഇന്ന് തുടക്കം.

മക്ക: നാഥന്റെ വിളിക്കുത്തരം നല്‍കി വിശുദ്ധ മക്കയിലെത്തിയ വിശ്വാസി ലക്ഷങ്ങളുടെ നാവില്‍ നിന്നുയരുന്ന തല്‍ബിയത് ധ്വനികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന പൊങ്ങി ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ പുണ്യ നഗരിയായ മിനയില്‍ ഇന്ന് സംഗമിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. യൗമുത്തര്‍വിയതിന്റെ ദിനമായ ഇന്ന് പകലും രാത്രിയിലും തമ്ബുകളുടെ നഗരിയായ മിനായില്‍ തങ്ങുന്ന ഹാജിമാര്‍ ദുല്‍ഹജ്ജ് ഒന്‍പതിന് (ജൂലൈ 08) നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫ സംഗമത്തിന് സജ്ജമാകും. വെള്ളിയാഴ്ച്ചയാണ് ഹജ്ജിന്റെ ഏറ്റവും പരമ പ്രധാനമായ അറഫ സംഗമം.

അഷ്ടദിക്കുകളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ തമ്ബുകളുടെ നഗരിയായ മിന സര്‍വ്വ സജ്ജമായിക്കഴിഞ്ഞു. ഹജ്ജ് കര്‍മ്മത്തിനായുള്ള തീര്‍ത്ഥാടകര്‍ മുഴുവന്‍ മക്കയില്‍ എത്തിച്ചര്‍ന്നിട്ടുണ്ട്. മദീനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ മക്കയില്‍ എത്തിച്ചിട്ടുണ്ട്. ഹജ്ജ് കര്‍മ്മത്തിന്റെ ആദ്യ ഘട്ടമായ മിനയില്‍ രാപാര്‍ക്കുന്നതിനായി  ഹാജിമാര്‍ മിനയിലേക്കെത്തിച്ചേരുന്നു.ഇതോടെ മിന താഴ്വാരം ശുഭ്ര വസ്ത്രധാര കേന്ദ്രമായി മാറും. മിനയിലേക്കുള്ള പാതകളെല്ലാം പാല്‍കടലായി മാറും. ഹാജിമാര്‍ ഇലാഹി ചിന്തയിലും പ്രാര്‍ത്ഥാനാനയിലുമായി മുഴുകും.

ദൈവീക ചിന്തയില്‍ മിനായില്‍ കണ്ണീര്‍ ചാലിച്ച്‌ ദിക്‌റിലും തസ്ബീഹിലും മുഴുകുന്ന ഹാജിമാര്‍ വെള്ളിയാഴ്ച്ച രാവിലെയോടെ ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫ സംഗമം ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. വെള്ളിയാഴ്ച്ച മധ്യാഹ്‌ന നിസ്‌കാരത്തോടെയാണ് അറഫ സംഗമം ആരംഭിക്കുക. അകം നൊന്ത ഹൃദയവുമായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അടുത്ത കര്‍മ്മമായ മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങും. ഹാജിമാര്‍ക്കായുള്ള മുഴുവന്‍ സംവിധാനങ്ങളും മിനായില്‍ സജ്ജമായിട്ടുണ്ട്.

തിരക്ക് കണക്കിലെടുത്തും കൂടുതല്‍ സൗകര്യത്തിനു വേണ്ടിയും തിരക്കില്‍പ്പെടാതിരിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ (അസര്‍ നിസ്‌കാര ശേഷം) തന്നെ മിനായിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു.ഇതിനായുള്ള നിര്‍ദേശം ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഇത്തവണ 79,237 പേര്‍ക്കാണ് ഹജിന് അനുമതിയുള്ളത്.ഇന്ന് പുലര്‍ച്ചയോടെ തന്നെ മുഴുവന്‍ ഹാജിമാരും മിനായില്‍ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

മക്കയില്‍ നിന്നും മിനയിലേക്കും മറ്റു പുണ്യ കേന്ദ്രങ്ങളിലേക്കുമെല്ലാം മുഴുവന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും മെട്രോ ട്രെയിന്‍ സേവനം ലഭ്യമായിട്ടുണ്ട്. മിന, അറഫ എന്നിവിടങ്ങളില്‍ മെട്രോ സ്റ്റേഷനു സമീപമാണ് ഇന്ത്യക്കാര്‍ക്കുള്ള കൂടാരം സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മിനായില്‍ നിന്ന് അറഫ, മുസ്ദലിഫ യാത്ര എളുപ്പമാകും. തിരിച്ച്‌ മിനായില്‍ എത്താനും മശാഇര്‍ ട്രെയിന്‍ സേവനം പ്രയോജനപ്പെടുത്താം.

ഇന്ത്യയില്‍ നിന്നെത്തിയ 350 മെഡിക്കല്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരില്‍ 12 ഡോക്​ടര്‍മാര്‍ ഉള്‍പ്പടെ അമ്ബതോളം മലയാളികളുണ്ട്​. ഒരു ഹജ്ജ് ഒഫീഷ്യല്‍ അടക്കം കേരളത്തില്‍ നിന്നെത്തിയ 38 വളന്‍റിയര്‍മാരാണ് (ഖാദിമുല്‍ ഹുജാജ്) തീര്‍ഥാടകരെ അനുഗമിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ ഹാജിമാരെ നയിക്കുന്ന നാലു കോഡിനേറ്റര്‍മാരില്‍ ഒരാള്‍ തിരൂര്‍ ഗവണ്മെന്റ് കോളജ് അധ്യാപകന്‍ കൂടിയായ ഡോ: ജാബിര്‍ ഹുദവിയാണ്. മലപ്പുറം പെരുവള്ളൂര്‍ പറമ്ബില്‍പീടിക സ്വദേശിയാണ്​ ഇദ്ദേഹം. മറ്റ്​ മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്​. ഒന്നര ലക്ഷം ആഭ്യന്തര ഹാജിമാരും എട്ടര ലക്ഷം വിദേശ ഹാജിമാരുമാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുക.
Previous Post Next Post
3/TECH/col-right