Trending

നീന്തൽ സർട്ടിഫിക്കറ്റ്:സർക്കാർ നയം വ്യക്തമാക്കണം.

കൊടുവള്ളി:പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്  നീന്തൽ സർട്ടിഫിക്കറ്റ് ഹാജറാക്കിയാൽ ബോണസ് പോയിൻറ് നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിൽ ആണെന്നും ആശങ്ക അകറ്റാൻ ഗവൺമെൻറ് അടിയന്തരമായി നയം വ്യക്തമാക്കണമെന്നും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ യോഗം ആവശ്യപ്പെട്ടു.

മുൻകാലങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ നൽകിയിരുന്ന സർട്ടിഫിക്കറ്റ് കഴിഞ്ഞവർഷം  സ്പോർട്സ് കൗൺസിലിൽ നേരിട്ട് നൽകുമെന്ന് പറയുകയും  ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശക്തമായ പ്രക്ഷോഭം കാരണം വീണ്ടും  ഗ്രാമ പഞ്ചായത്തുകൾ സർട്ടിഫിക്കറ്റുകൾ നൽകണമെന്ന്  ഉത്തരവിറക്കുകയും ചെയ്തു.

ഈ വർഷം സ്പോർട്സ് കൗൺസിൽ മുഖേന മാത്രമേ സർട്ടിഫിക്കറ്റുകൾ നൽകൂ എന്ന് അറിയിച്ചതിൻറെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഏറെ കഷ്ടപ്പെട്ട് സ്പോർട്സ് കൗൺസിലിൽ പോയി പണം ചിലവാക്കി  സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.
 നീന്തൽ പരിശോധനയ്ക്കായി ഒരുക്കിയ കേന്ദ്രങ്ങളിൽ  നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് എത്തിച്ചേരുകയും ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥവരെ ഉണ്ടാവുകയും ചെയ്തു.

അതിനിടയിലാണ് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ നീന്തൽ അറിവിന് ബോണസ് പോയിൻറ് നൽകുന്ന സമ്പ്രദായം ഒഴിവാക്കാൻ തത്വത്തിൽ സർക്കാർ ധാരണയായതായി പത്ര റിപ്പോർട്ട് വന്നത്.ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റണമെന്നും വിദ്യാർത്ഥികളുടെ പ്രയാസം ദൂരീകരിക്കണമെന്നും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻറെ അധ്യക്ഷതയിൽ പ്രസിഡൻറ് പി പി നസ്റി ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റംല മക്കാട്ടുപൊയിൽ , പ്രിയങ്ക കരൂഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ്കുമാർ,  അബ്ദുൽ മജീദ് കെ കെ, ജസ്ന, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ഖാലിദ് സി എം, അർഷദ് കിഴക്കോത്ത്, വി പി അഷ്റഫ്, വഹീദ കയ്യലശ്ശേരി, സാജിദത്ത്, മുഹമ്മദലി കെ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right