തിരുവനന്തപുരം: കോവിഡ് കേസുകൾ സംസ്ഥാനത്ത് വർധിച്ച് വരുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർശനമാക്കി സർക്കാർ. പൊതുഇടങ്ങൾ, ഒത്തുചേരലുകൾ, ജോലി സ്ഥലങ്ങൾ, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എന്നിങ്ങനെയുള്ള സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.
ഉത്തരവ് ലംഘിച്ചാൽ 2005-ലെ ദുരന്ത നിവാരണ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2994 കോവിഡ് കേസുകളാണ്. 12 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. 782 കേസുകൾ. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകൾ 3000 നും മുകളിലായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 40 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മാസ് ഉപയോഗം കർക്കശമാക്കാൻ തീരുമാനമായത്.
Tags:
HEALTH