പൂനൂർ പുഴയുടെ സംരക്ഷണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പൂനൂർ പുഴയുടെ പടനിലം ഭാഗം വൃക്ഷതൈകൾ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കുകയാണ് പഞ്ചായത്തും പൂനൂർ പുഴ ജനകീയ ജാഗ്രതാ സമിതിയും. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂനൂർ പുഴയുടെ കരയിടിച്ചിൽ തടയുന്നതിന് പടനിലം പാലത്തിനോട് ചേർന്ന ഭാഗത്ത് കയർ ഭൂവസ്ത്രം സ്ഥാപിച്ചിരുന്നു. ഇത് സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത്. പടനിലം ഗവ. എൽ.പി സ്കൂൾ പരിസരം ഉൾപ്പെടുന്ന പുഴയുടെ ഇടതുകരയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫല വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുകയും മാലിന്യങ്ങൾ നീക്കംചെയ്ത് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും സായാഹ്ന വിശ്രമ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ എൻ. ഷിയോലാൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODUVALLY