Trending

മഴക്കാലമുന്നൊരുക്കം: സബ് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

കോഴിക്കോട് : കാലവർഷത്തിന്റെ മുന്നോടിയായി കോഴിക്കോട് താലൂക്കിൽ സ്വീകരിക്കേണ്ട മഴക്കാലമുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സബ് കലക്ടർ വി. ചെൽസാസിനിയുടെ അധ്യക്ഷതയിൽ ഐ.ആർ.എസ് (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) ടീമിന്റെ യോഗം ചേർന്നു. മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള വകുപ്പുകളുടെ സജ്ജീകരണങ്ങൾ വിലയിരുത്തി.



അടിയന്തരഘട്ടങ്ങളിൽ വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ തയ്യാറാക്കി അവ ഉറപ്പുവരുത്താനും അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന ഫ്ലഡ് കിറ്റ് ഒരുക്കാനും സബ് കലക്ടർ നിർദേശം നൽകി. മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ പാലിക്കാനും ക്യാമ്പുകൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെയും ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു. സേവനങ്ങളെയും ഉദ്യോഗസ്ഥരെയും കോർത്തിണക്കി പ്രവർത്തന സജ്ജമായിരിക്കണമെന്നും സബ് കലക്ടർ ടീമിന് നിർദേശം നൽകി.

മഴയെ തുടർന്ന് പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളായ ഗോതീശ്വരം (ബേപ്പൂർ), ചൊട്ടുവയൽ (കച്ചേരി), ശാന്തിനഗർ കോളനി (പുതിയങ്ങാടി), ആവിയിൽ തോട് (കാബ) എന്നിവിടങ്ങളിൽ അടിയന്തര ഷെൽട്ടർ നിർമിക്കുമെന്നും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള അപകടസാധ്യതാ പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘം സന്ദർശിച്ചതായും ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വിവരം സമർപ്പിച്ചതായും തഹസിൽദാർ പ്രേംലാൽ യോഗത്തിൽ അറിയിച്ചു.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ജെ.സി.ബി, ക്രെയിൻ തുടങ്ങിയവയുടെ റേറ്റ് കോൺട്രാക്ട് തയ്യാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി ജില്ലയിൽ 30 പേരടങ്ങുന്ന സംഘം രൂപീകരിച്ചതായും ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. മരുന്നുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ടീം എന്നിവ സജ്ജമാണ്. ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ, ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right