Trending

ദുബായ് വിമാനത്താവളം റൺവേ മെയ് 9 മുതല്‍ ഭാഗികമായി അടയ്ക്കും:ആയിരത്തോളം വിമാന സര്‍വീസുകളില്‍ മാറ്റം

ദുബായ്: റണ്‍വേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം റൺവേ മെയ് 9 മുതൽ ഭാഗികമായി അടക്കും. തിങ്കള്‍ മുതല്‍ 45 ദിവസം ഭാഗികമായി അടയ്ക്കുമ്പോള്‍ സര്‍വീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

പല സര്‍വീസുകളും ജബല്‍അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറും.
ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തോളം വിമാനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടും. ഇന്‍ഡിഗോ സര്‍വീസുകളിലും മാറ്റമുണ്ടാകും. അതിനാല്‍ യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളം, ടെര്‍മിനല്‍ എന്നിവ ഏതാണെന്ന് അതാത് വിമാന കമ്പനികളുടെ ഓഫിസുകളില്‍ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്‌സ് സര്‍വീസുകള്‍ ഡിഎക്‌സ്ബിയിലെ ടെര്‍മിനല്‍ 3 ല്‍ തുടരും.

കാര്‍ഗോ വിമാനങ്ങളില്‍ ചിലത് ഡിഡബ്ലുസിയിലേക്ക് മാറും. കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ലക്‌നൗ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്‌ളൈ ദുബായ് മുമ്പ് അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്‌സ്ബി), അല്‍ മക്തൂം വിമാനത്താവളം (ഡിഡബ്ലുസി) എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും ഇനിയും മാറ്റമുണ്ടാകും. സര്‍വീസുകള്‍ വീണ്ടും പുനഃക്രമീകരിക്കുമെന്നും വിശദ സമയക്രമം രണ്ട് ദിവസത്തിനകം അറിയിക്കുമെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

Previous Post Next Post
3/TECH/col-right