Trending

'റിഫയുടെ മൃതദേഹം ജീർണിച്ചിട്ടില്ല, മുഖമെല്ലാം വ്യക്തം'; പോലീസ് വിളിച്ചു, അസീസ് ഓടിയെത്തി.

കോഴിക്കോട്: റിഫ മെഹ്നുവിന്റെ മൃതദേഹം ജീർണിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ്.ജലാംശമല്ലൊം പോയി മൃതദേഹം ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു.നല്ല രീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല. മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നു. ഒറ്റനോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കുകളൊന്നും കാണാനില്ലെന്നും ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയായ അബ്ദുൾ അസീസ്.

സൗജന്യസേവനമായാണ് അബ്ദുൾ അസീസ് മൃതദേഹങ്ങൾ മറവുചെയ്യുന്നത്. ദുരൂഹമരണങ്ങളിലും അപകടമരണങ്ങളിലുമെല്ലാം പോലീസും അസീസിന്റെ സഹായം തേടാറുണ്ട്. ശനിയാഴ്ച പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തതോടെ താൻ കൈകാര്യം ചെയ്യുന്ന 3901-ാമത്തെ മൃതദേഹമാണിതെന്നും അസീസ് പറഞ്ഞു.'17-ാം വയസിൽ തുടങ്ങിയതാണിത്. ഇപ്പോൾ 57 വയസ്സായി.

അഞ്ച് ദിവസം മുമ്പാണ് ഇവിടെയൊരു മൃതദേഹം പുറത്തെടുക്കാനുണ്ട്, സഹായം വേണമെന്ന് അഷ്റഫ് സർ വിളിച്ച് പറഞ്ഞത്. തീർച്ചയായും വരാമെന്ന് പറഞ്ഞു. ഇതെല്ലാം സൗജന്യസേവനമാണ്. ആരെങ്കിലും നിർബന്ധിച്ച് പണം നൽകാൻ ശ്രമിച്ചാൽ അവരെക്കൊണ്ട് വീൽച്ചെയറോ വാട്ടർ ബെഡോ സംഭാവനയായി നൽകാനാണ് ആവശ്യപ്പെടാറുള്ളത്'- അസീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽവെച്ച് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ശനിയാഴ്ച തന്നെ മൃതദേഹം മറവുചെയ്യും.മാർച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

റിഫയുടെ മരണത്തിൽ തുടക്കംമുതലേ ദുരൂഹതകൾ നിലനിന്നിരുന്നു. ഭർത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായിൽനിന്ന് നാട്ടിലെത്തിച്ചപ്പോൾ അവിടെവെച്ച് പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നൽകിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തിൽ വ്ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരിൽനിന്നും വിദേശത്ത് എത്തിയത്.

ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.മരണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂർ പാവണ്ടൂർ ഈന്താട് അമ്പലപ്പറമ്പിൽ റാഷിദ് റൂറൽ എസ്.പി. എ. ശ്രീനിവാസന് പരാതി നൽകിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റർചെയ്തത്.മൂന്നു വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടർന്ന് ഭർത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതിൽ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവിൽ നാട്ടിലാണുള്ളത്.
Previous Post Next Post
3/TECH/col-right