Trending

പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ ലോറി പിടിച്ചെടുത്ത് പൊലീസ്.

കല്‍പ്പറ്റ: പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരില്‍ നിന്ന് ലോറി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 


കര്‍ണാടക രജിസ്ട്രേഷനുള്ള പാര്‍സല്‍ ലോറിയുടെ ഡ്രൈവര്‍ മൈസൂരു സ്വദേശി ശശികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തങ്ങ മുതല്‍ കോഴിക്കോട് വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ തിരൂര്‍ ഭാഗത്തേക്കാണ് ലോറി പോയിട്ടുള്ളതെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി എംഡി. സുനിലിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

കല്‍പറ്റ ഗൂഡലായിക്കുന്ന് സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷല്‍ (20) ആണ് ലക്കിടി ഓറിയന്റല്‍ കോളജിന് സമീപം നടന്ന അപകടത്തില്‍ ദാരുണമായി മരിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ പാഴ്‌സല്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചെങ്കിലും പാഴ്‌സല്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഹര്‍ഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. 

വൈത്തിരി സ്റ്റേഷനിലെത്തിച്ച ലോറി ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട വിശ്രമമില്ലാത്ത പരിശോധനയിലാണ് അപകടത്തില്‍ ഉള്‍പ്പെട്ട വാഹനം വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. വൈത്തിരി എസ്ഐ സത്യന്‍, സിപിഒമാരായ വിപിന്‍, രാകേഷ് കൃഷ്ണ, ദേവ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Previous Post Next Post
3/TECH/col-right