Trending

കെ-സ്വിഫ്റ്റ് പദ്ധതിയുടെ ഭാഗമായി റോഡിലിറങ്ങിയ രണ്ടാമത്തെ കെ.എസ്.ആർ.ടി.സി ബസും അപകടത്തിൽപെട്ടു.

മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ പുതിയ കെ-സ്വിഫ്റ്റ് പദ്ധതിയുടെ ഭാഗമായി റോഡിലിറങ്ങിയ രണ്ടാമത്തെ ബസും അപകടത്തിൽപെട്ടു. മലപ്പുറം ചങ്കുവെട്ടിയിൽ വെച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് പരിക്കില്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത പദ്ധതിപ്രകാരം സർവിസ് ആരംഭിച്ച ആദ്യ ബസ് തിരുവനന്തപുരത്ത് അപകടത്തിൽപെട്ടിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമായിരുന്നു സെമി സ്ലീപ്പർ ബസ് ആദ്യം അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് ലോറിയുമായി ഉരസിയായിരുന്നു അപകടം. അപകടത്തിൽ സൈഡ് മിറർ തകരുകയും ചെയ്തു. ഏകദേശം 35000 രൂപയുടെ നഷ്ടമാണുണ്ടായത്. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു മിറർ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്

പിന്നീട് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ മറ്റൊരു വാഹനവുമായി ഉരസി സൈഡ് ഇൻഡിക്കേറ്ററിന് സമീപം കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.

കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സി.എം.ഡി പറഞ്ഞു. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയവും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനുണ്ട്. ബിജു പ്രഭാകർ ഇപ്പോൾ ബംഗളൂരുവിലാണുള്ളത്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡി.ജി.പിക്ക് പരാതി നൽകാനാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ആലോചിക്കുന്നത്.
Previous Post Next Post
3/TECH/col-right