നിരത്തിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. സ്ഥലം മാറ്റാൻ കഴിയുന്ന വിധത്തിലാണ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. കേബിളുകൾക്കു പകരം മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ക്യാമറകൾ കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജത്തിലാണ് പ്രവർത്തനം.
പെട്ടെന്ന് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന തൂണുകളാണ് ക്യാമറകൾക്ക് ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങൾക്കനുസരിച്ച് ക്യാമറകൾ മാറ്റാനാകും. ഇവ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തീകരിച്ചാൽ സ്ഥാനം മാറ്റാൻ ബുദ്ധിമുട്ടില്ല. ഈ മാസം അവസാനത്തോടെ പ്രവർത്തിച്ചു തുടങ്ങും.
ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടുക എളുപ്പമാകില്ല. അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) മാറുന്നതനുസരിച്ച് ക്യാമറകൾ പുനർവിന്യസിക്കാം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റർ ദൂരെനിന്നുള്ള നിയമലംഘനങ്ങൾ സ്വയം കണ്ടെത്തി പിഴ ചുമത്താൻ ത്രീഡി ഡോപ്ലർ ക്യാമറകൾക്കു കഴിയും.
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവ ക്യാമറകൾ സ്വയം കണ്ടെത്തും. അമിതവേഗം, സിഗ്നൽ ലൈറ്റ് ലംഘനം എന്നിവ പിടികൂടാൻ വേറെ ക്യാമറകളുണ്ട്. നമ്പർ ബോർഡ് സ്കാൻ ചെയ്ത് വാഹൻ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ അക്കാര്യം ക്യാമറതന്നെ കണ്ടെത്തും.
ഇൻഷുറൻസ്, പെർമിറ്റ്, ഫിറ്റ്നസ്, രജിസ്ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിക്കപ്പെടും. ആംബുലൻസുകൾക്കുപുറമെ, അടിയന്തര സാഹചര്യങ്ങളിൽ പോലീസ്, അഗ്നിശമനസേനാ വാഹനങ്ങൾക്ക് വേഗ നിയന്ത്രണത്തിൽ ഇളവുണ്ട്. വി.വി.ഐ.പികളുടെ വാഹനങ്ങൾക്കും സുരക്ഷാകാരണങ്ങളാൽ ഇളവ് നൽകുന്നുണ്ട്. ക്യാമറകൾക്കായി 235 കോടി രൂപയാണ് മോട്ടോർവാഹന വകുപ്പ് മുടക്കുന്നത്. അഞ്ചുവർഷത്തേക്ക് 20 തവണകളായാണ് കെൽട്രോണിന് തുക കൈമാറുക.
Tags:
KERALA