Trending

എം.കെ.മുനീർ എം.എൽ.എയുടെ ഇടപെടൽ: ഓമശ്ശേരിയിൽ പുതിയ കലുങ്ക്‌ നിർമ്മിക്കുന്നതിനും മരങ്ങൾ മുറിക്കുന്നതിനും ധാരണയായി.

ഓമശ്ശേരി:റീ ബിൽഡ്‌ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ ഓമശ്ശേരി ടൗണിൽ പുതിയ കലുങ്ക്‌ നിർമ്മിക്കുന്നതിനും ടൗൺ സൗന്ദര്യ വൽക്കരിക്കുന്നതിനും ചേഞ്ച്‌ ഓഫ്‌ സ്കോപിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക്‌ തുടക്കമായി.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി ടൗണിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീർ നിർമ്മാണച്ചുമതലയുള്ള കെ.എസ്‌.ടി.പി.അധികൃതരോട്‌ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച്‌ ഓമശ്ശേരിയിലെത്തിയ കേരള സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ പ്രൊജക്റ്റ്‌ പ്രതിനിധികളുമായി പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ്‌ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന്‌ ധാരണയായത്‌.

പുതിയ ഒരു കലുങ്ക്‌ നിർമ്മിക്കുന്നതിനും നിലവിലുള്ള ഒരെണ്ണം നവീകരിക്കുന്നതിനും ഓമശ്ശേരി ടൗൺ ഭാഗം കൈവരിയും ഇന്റർ ലോക്കും ചെയ്ത്‌ സൗന്ദര്യ വൽക്കരിക്കുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ അധികൃതർ തുടക്കം കുറിച്ചു.താഴെ ഓമശ്ശേരിയിൽ പുതിയ ബസ്‌ സ്റ്റോപ്‌ നിർമ്മിക്കുന്നതിനും ഭീഷണിയായി നിൽക്കുന്ന എട്ട്‌ മരങ്ങൾ ലേലത്തിലൂടെ മുറിച്ചു മാറ്റുന്നതിനും തീരുമാനമായിട്ടുണ്ട്‌.ടൗണിലെ പ്രധാന ഭാഗങ്ങളിൽ സ്ട്രീറ്റ്‌ ലൈറ്റുകൾ സ്ഥാപിക്കുന്നതിന്‌ ഡി.പി.ആറിൽ എസ്റ്റിമേറ്റ്‌ ഉണ്ടെന്നും അധികൃതർ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,പി.ഇബ്രാഹീം ഹാജി,കെ.ആനന്ദ കൃഷ്ണൻ,കെ.എസ്‌.ടി.പി.അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ ഷീല ചോറൻ,വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞായിൻ,യു.കെ.ഹുസൈൻ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,ശ്രീധന്യ നിർമ്മാണ കമ്പനിയുടെ പ്രോജക്റ്റ്‌ മാനേജർ നരസിംഹൻ,പ്ലാനിംഗ്‌ എഞ്ചിനീയർ അരുൺ അശോക്‌,സോഷ്യോളജിസ്റ്റ്‌ പീറ്റർ ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right