യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക യാത്രക്ക് മുൻപ് എടുക്കേണ്ടിയിരുന്ന പി.സി.ആർ പരിശോധന ഒഴിവാക്കി. യു.എ.ഇ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. യു.എ.ഇയിൽ നിന്ന് വാക്‌സിനെടുത്തവർക്കാണ് ഇളവ്. നേരത്തെ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് മാത്രമായിരുന്നു ഇളവെങ്കിൽ പുതിയ നിർദേശ പ്രകാരം യു.എ.ഇയിൽ നിന്ന് വാക്‌സിനെടുത്തവർക്കും ഇനി മുതൽ പി.സി.ആർ വേണ്ട.
പി.സി.ആർ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.എ.ഇയെയും ഉൾപെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യണം. വാക്‌സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം. അഞ്ച് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും പ്രതിഷധങ്ങൾക്കുമൊടുവിലാണ് കേന്ദ്രസർക്കാരിൻറെ തീരുമാനം. വിവിധ പ്രവാസി കൂട്ടായ്മകൾ തീരുമാനം സ്വാഗതം ചെയ്തു.