Trending

ഇന്ത്യൻ സ്വദേശി നവീൻ ഉക്രൈനിൽ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാൻ പോയപ്പോൾ..



ഇത്രയും ദിവസം ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന സ്ഥലത്ത് നവീന്‍ കുമാര്‍ സുരക്ഷിതനായിരുന്നെന്നും ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്ബോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്ന് സഹപാഠി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്തായിരുന്നു നവീന്‍ പുറത്തിറങ്ങയത്. ഇതിനിടെയാണ് റഷ്യയുടെ ഷെല്ലാക്രമണമുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് നവീന്റെ മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ നവീന്‍ കുമാര്‍.

''ഇന്ന് രാവിലെ ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.''- ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

യുക്രൈന്‍ തലസ്ഥാന നഗരം ലക്ഷ്യമാക്കി റഷ്യയുടെ വന്‍ സൈനിക വ്യൂഹം നീങ്ങുന്നതിനിടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാന്‍ ഇന്ന് തന്നെ കീവ് വിടണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. സാധ്യമായ വഴികള്‍ സ്വീകരിച്ച്‌ കീവ് വിടണമെന്നാണ് ഇന്ത്യന്‍ എംബസി പൗരന്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

ലഭ്യമായ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുക, മറ്റ് സാധ്യമായ വഴികള്‍ തേടുക. അടിയന്തിരമായി കീവ് വിടണം എന്നുമാണ് എംബസിയുടെ അറിയിപ്പ്. യുക്രൈനിലെ സാഹചര്യങ്ങള്‍ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. അതേസമയം, യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയില്‍ വ്യോമസേനയും ഭാഗമാകും. പ്രധാന മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരെ തന്നെ നിയോഗിച്ചാണ് യുക്രൈന്റെ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗ പദ്ധതി പുരോഗമിക്കുന്നത്. ഇതിനോടകം ഒമ്ബത് വിമാനങ്ങളിലായി ആയിരത്തിലധികം പേരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.

എംബസി അറിയിപ്പ് അനുസരിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പ് അനുസരിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യുക്രൈനില്‍ നിന്ന് ഇന്നലെ ഡല്‍ഹിയില്‍ എത്തിയ 36 വിദ്യാര്‍ത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 25 പേരെ ഇന്ന് രാവിലെ 5.35ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തിച്ചു. 11 പേരെ 8.45ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്‌ളൈറ്റിലും നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് ഇന്‍ഡിഗോ ഫ്‌ളൈറ്റുകള്‍ കൂടി ഡല്‍ഹിയിലെത്തി. ബുക്കാറസ്റ്റില്‍ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റില്‍ നിന്ന് 10.55നും പുറപ്പെട്ട ഫ്‌ളൈറ്റുകളാണ് ഇന്ന് ഡല്‍ഹിയില്‍ എത്തിയത്. ബുക്കാറസ്റ്റില്‍ നിന്ന് ഇന്ന് രാവിലെ 11.30ന് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20ന് ഡല്‍ഹിയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Previous Post Next Post
3/TECH/col-right