ദുബായ്:ആറു മാസമായി തുടരുന്ന എക്സ്പോ 2020യ്ക്ക് തിരശ്ശീല വീഴാന്‍ ഇനി ഒരു ദിവസം മാത്രം ശേഷിക്കേ, സമാപനച്ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുമായി സംഘാടകര്‍. മാര്‍ച്ച് 31ന് നടക്കുന്ന സമാപനത്തിന്റെ ഭാഗമായി ഒരുക്കിയ സംഗീത, കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനലക്ഷങ്ങള്‍ എക്‌സ്‌പോ വേദിയിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനച്ചടങ്ങ് നടന്ന അതേ അല്‍ വസല്‍ പ്ലാസയിലാണ് സമാപനച്ചടങ്ങിന്റെ പ്രധാന ആഘോഷ പരിപാടികളും അരങ്ങേറുക.
വൈകിട്ട് ഏഴു മണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കുന്ന വെടിക്കെട്ടോടെയാണ് സമാപിക്കുക. പുതുവര്‍ഷ ദിനത്തില്‍ ദുബായ് നഗരം സാക്ഷ്യം വഹിച്ച വെടിക്കെട്ടിന് സമാനമായ കരിമരുന്ന് പ്രയോഗത്തിനാണ് എക്സ്പോ വേദി തയ്യാറെടുക്കുന്നത്. സമാപന ചടങ്ങുകള്‍ എക്സ്പോയുടെ വിവിധ വേദികളില്‍ തത്സമയം ഭീമന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവല്‍ ഗാര്‍ഡന്‍ തുടങ്ങിയ ഇടങ്ങളില്‍ ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.
വിവിഐപികള്‍ക്കു വേണ്ടി ഒരു ഭാഗം ഒഴിവാക്കിയത് ഒഴിച്ചാല്‍ മറ്റിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദുബായ് മെട്രോ രാത്രി മുഴുവന്‍ സേവനം നടത്തും.വൈകിട്ട് ഏഴ് മണിയോടെയാണ് എക്‌സ്‌പോയുടെ ഉദ്ഘാടനച്ചടങ്ങിന് വേദിയായ അല്‍ വസല്‍ താഴികക്കുടത്തിനു കീഴെ സമാപനച്ചടങ്ങളുകള്‍ക്ക് തുടക്കമാവുക.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് കുട്ടികള്‍ അണിനിരക്കുന്ന മനോഹരമായ രാജ്യത്തിന്റെ വളര്‍ച്ചയുടെ വിസ്മയകരമായ ചിത്രീകരണം ഒരുക്കും.
ലോകപ്രശസ്ത സംഗീതജ്ഞരായ ക്ലിസ്റ്റിന അഗ്വിലേറ, നോറ ജോണ്‍സ്, യോയോ മാ തുടങ്ങിയ പ്രമുഖര്‍ സമാനപനച്ചടങ്ങിനെ സംഗീത സാന്ദ്രമാക്കും. ദുബായ് നഗരത്തിന്റെ ആകാശത്ത് ഭാവി പ്രതീക്ഷയുടെ വര്‍ണ വിസ്മയങ്ങള്‍ വിതറി വന്‍ കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും നടക്കും.
സയന്‍സ് ഷോ, ബലൂണ്‍ മാജിക്ക്, യുഎഇ എയര്‍ഫോഴ്‌സിന്റെ ഫുര്‍സാന്‍ അല്‍ ഇമാറാത്ത് സൈനികര്‍ ജെറ്റ് വിമാനങ്ങളെ കൊണ്ട് ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കും. 56 രാജ്യങ്ങളില്‍ നിന്നുള്ള 400 പ്രൊഫഷനലുകളും വളണ്ടിയര്‍മാരും സമാപനച്ചടങ്ങിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കും. യുഎഇയിലെ നാല്‍പത് കുട്ടികള്‍ ചേര്‍ന്ന് ഐശീ ബിലാദി എന്ന ദേശീയ ഗാനം ആലപിക്കും.സംഗീത സാമ്രാട്ട് ഹറൂത്ത് ഫസ്ലിയന്‍, ഇറ്റാലിയന്‍ പിയാനിസ്റ്റ് എലെനോറ കോണ്‍സ്റ്റാന്റിനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലോകപ്രശസ്തരായ 16 സംഗീതജ്ഞര്‍ അണിനിരക്കുന്ന എക്സ്പോ 2020 വേള്‍ഡ് സ്ട്രിംഗ് എന്‍സെംബ്ള്‍ പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടും.
ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് എക്സ്പോ കമ്മീഷണറും മന്ത്രിയുമായ ശെയ്ഖ് നഹ്യന്‍ മുബാറക് അല്‍ നഹ്യാന്‍ ബ്യൂറോ ഓഫ് ദി ഇന്റര്‍നാഷനല്‍ എക്സ്പോയുടെ ജനറല്‍ അസംബ്ലി പ്രസിഡന്റിന് എക്സ്പോ പതാക കൈമാറും. 2025 എക്സ്പോ പ്രതിനിധി ഒസാക കന്‍സായിയെ അദ്ദേഹം പതാക ഏല്‍പ്പിക്കുന്നതോടെ വെടിക്കെട്ടുകളുടെ അകമ്പടിയോടെ സമാപനച്ചടങ്ങുകള്‍ക്കും എക്സ്പോ 2020നും തിരശ്ശീല വീഴും.
Tags:
INTERNATIONAL