തിരുവനന്തപുരം : രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും.നാളെ മുതൽ നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ശനി, ഞായർ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കിൽ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം.
ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും ഓൺലൈൻ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും.
മാർച്ച് 28, 29 തീയതികളിലാണ് അഖിലേന്ത്യാ പൊതുപണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയൻ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്ക് സ്വകാര്യവത്കരണം, പുറംകരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കിൽ അണിചേരുന്നത്.
ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറെക്കുറെ സ്തംഭിച്ച നിലയിലാവും എന്നാണ് കരുതുന്നത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ജീവനക്കാരുടെ സമരം സാരമായി തന്നെ ബാധിക്കും. മാസത്തെ നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും സ്വതവേ അവധിയായതിനാൽ പൊതുമേഖലാ ബാങ്കുകൾ ഭൂരിഭാഗവും നാല് ദിവസം അടഞ്ഞുകിടക്കും.
*ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ*
ബാങ്ക് സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക,
കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതെ തിരിച്ചുപിടിക്കുക,
ബാങ്ക് നിക്ഷേപ പലിശ നിരക്ക് ഉയർത്തുക,
അമിത സേവന നിരക്കുകൾ കുറയ്ക്കുക,
നിശ്ചിതാനുകൂല്യ പെൻഷൻ സാർവ്വത്രികമാക്കുക,
പുറംകരാർവൽക്കരണം അവസാനിപ്പിക്കുക,
ഒഴിവുള്ള തസ്തികകൾ നികത്തുക
ലേബർ കോഡുകൾ റദ്ദാക്കുക, തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും നിശ്ചിത വരുമാനവും നൽകുക, തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, അസംഘടിത മേഖലാ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ പദ്ധതികൾ നടപ്പാക്കുക, പൊതുമേഖലാ ഓഹരി വിൽപന നയം പിൻവലിക്കുക, കൃഷി - വിദ്യാഭ്യാസം-ആരോഗ്യ മേഖലകളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രിക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തുന്നത്.