Trending

കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കുന്നതിൽ അട്ടിമറിയെന്ന് സമരസമിതി:അകലുമോ വലിയ വിമാനങ്ങൾ?

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ഏരിയ വർദ്ധിപ്പിക്കാനുള്ള എയർപോർട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കൊരുങ്ങി മലബാർ ഡെവലപ്പ്മെന്റ് ഫോറം (എം.ഡി.എഫ്).

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനുള്ള അട്ടിമറിയാണ് എയർപോർട്ട് അതോറിറ്റി നടത്തുന്നതെന്നാണ് സമരസമിതികൾ പ്രധാനമായും ആരോപിക്കുന്നത്. വലിയ വിമാനങ്ങൾ തിരിച്ചെത്താനുള്ള സാധ്യതകൾ ഇല്ലാതാകുന്നതോടെ ഏറെ ദുരിതത്തിലാകുന്നത് പ്രവാസികളാണ്. 

വലിയ വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന കരിപ്പൂരിൽ ആദ്യമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിമാനത്താവളത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന് വേണ്ടിയായിരുന്നു. ഇതേ തുടർന്ന് കുറഞ്ഞ എണ്ണം സർവീസുകളാണ് പിന്നീടുണ്ടായിരുന്നത്. 2020 ആഗസ്റ്റിലെ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾ ഇറങ്ങുന്നത് പൂർണമായും അതോറിറ്റി നിറുത്തിവച്ചു. പൈലറ്റിന്റെ പിഴവ് മൂലമാണ് അപകടം സംഭവിച്ചതെന്നായിരുന്നു ഡി.ജി.സി.എ റിപ്പോർട്ട്.കൂടുതൽ പരിശോധനക്കായി പ്രത്യേക ഒമ്പതംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരമാണ് റൺവേ നീളം കുറയ്ക്കാനുള്ള നടപടികൾക്കായി അതോറിറ്റി ഒരുങ്ങുന്നത്. 

എന്നാൽ ഒമ്പതംഗ സംഘം കരിപ്പൂരിൽ നേരിട്ടെത്തി പരിശോധന നടത്തിയിട്ടില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. ഇവർ വ്യോമയാന മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല.വലിയ വിമാനങ്ങൾ ഇല്ലാതായാൽ ഉയർന്ന ശ്രേണിയിലുള്ള യാത്രക്കാരടക്കം കരിപ്പൂരിനെ ആശ്രയിക്കുന്നത് ഇല്ലാതാവും. ഇത് വിമാനത്താവളത്തിന്റെ വരുമാനത്തിലും ഗണ്യമായ കുറവ് വരുത്തും.

മലബാറിലെ ഭൂരിഭാഗം പ്രവാസികളും കരിപ്പൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. വലിയ വിമാനങ്ങളുള്ള സമയത്ത് ചെറിയ നിരക്കിൽ ഗൾഫിലേക്ക് ടിക്കറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ സർവീസ് ഇല്ലാതായതോടെ ഇരട്ടി വില കൊടുത്ത് ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ്. സൗദിയിലേക്ക് 55,000- 68,000 രൂപ വരെയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. നിരക്ക് വർദ്ധിച്ചതോടെ പ്രവാസികൾക്ക് മറ്റു എയർപോർട്ടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 

വലിയ വിമാനങ്ങൾ തിരിച്ചെത്തിയാൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാകും.ജോലിയാവാശ്യാർത്ഥം യാത്രകൾ ചെയ്യുന്നവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക. മലബാറിലെ ഹജ്ജ്-ഉംറ തീർത്ഥാടകരടക്കം ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. വലിയ വിമാനങ്ങൾ ഇല്ലാതായാൽ ഇവരും പ്രതിസന്ധിയിലാവും. കരിപ്പൂരിനോടുള്ള അവഗണന വെടിയണമെന്ന ആവശ്യമുയർത്തി പ്രവാസി വെൽഫയർ ഫോറവും രംഗത്തുണ്ട്. പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോവാനാണ് പ്രവാസി വെൽഫയർ ഫോറത്തിന്റെയും തീരുമാനം.
Previous Post Next Post
3/TECH/col-right