Trending

40വര്‍ഷം മുമ്ബ് വാങ്ങിയ കടം തീര്‍ക്കാന്‍ കഴിയാതെ മരണപ്പെട്ടു;തുക തിരികെ കൊടുക്കാന്‍ മകന്‍ നല്‍കിയ പരസ്യം വൈറല്‍

കൊല്ലം: പ്രവാസിയായിരുന്ന ബാപ്പയെ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുമ്ബ് പണം നല്‍കി സഹായിച്ച ലൂയിസ് എന്ന വ്യക്തിയെ തെരഞ്ഞ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് മകന്‍ നാസര്‍കടം വീട്ടാന്‍ കഴിയാത്ത വിഷമത്തോടെ പിതാവ് അബ്ദുല്ല ലോകത്തു നിന്നും വിടവാങ്ങിയതോടെയാണ് നിറഞ്ഞ മനസോടെ അന്ന് സഹായിച്ച ലൂയിസിനെ തിരഞ്ഞ് മകന്‍ പരസ്യം നല്‍കിയത്.

1980കളിലാണ് പെരുമാതുറ മാടന്‍വിള സ്വദേശിയായിരുന്ന അബ്ദുല്ല ഗള്‍ഫിലെത്തിയത്. ഏറെ അലഞ്ഞിട്ടും ജോലി ലഭിക്കാതായപ്പോള്‍ കൊല്ലം സ്വദേശിയായ ലൂയിസാണ് പണം നല്‍കി സഹായിച്ചത്. ആ പണം ഉപയോഗിച്ച്‌ ജോലി അന്വേഷിച്ചിറങ്ങിയ അബ്ദുല്ലയ്ക്ക് ഒരു ക്വാറിയില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് മാറിത്താമസിച്ച അബ്ദുല്ലയ്ക്ക് ലൂയിസുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ചും ലൂയിസിനെ നേരിട്ട് കണ്ട് കടം വീട്ടണമെന്ന ആഗ്രഹവും അബ്ദുല്ല മക്കളോട് പറഞ്ഞു. പലരോടും തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല.

ജോലി ഇല്ലാതിരുന്ന അവസ്ഥയില്‍ തനിക്ക് താങ്ങായ സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി കഴിഞ്ഞ 23നാണ് അബ്ദുല്ല വിടവാങ്ങിയത്. ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയച്ചതായി നാസര്‍ പറഞ്ഞു.

ഇപ്പോഴത്തെ വിലയനുസരിച്ച്‌ 22,000രൂപയേ നല്‍കാനുള്ളു എങ്കിലും തന്റെ ബാപ്പയുടെ അവസാനത്തെ ആഗ്രഹം എങ്ങനെയെങ്കിലും നടത്തണമെന്നാണ് അബ്ദുല്ലയുടെ കുടുംബത്തിന്റെ ആഗ്രഹം. ലൂയിസിനെയോ അദ്ദേഹത്തിന്റെ സഹോദരന്‍ ബേബിയെയോ കണ്ടെത്താന്‍ വീണ്ടും പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് നാസര്‍.
Previous Post Next Post
3/TECH/col-right