കുളിരും കൊണ്ട് കുണുങ്ങി നടക്കണ പെരിയാറിന്റെ ഓളപ്പരപ്പിൽ , തീരത്ത് ചുറ്റും കൂടി നിന്ന കാഴ്ചക്കാരെ മുഴുവൻ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി ജന്മനാ അംഗവൈകല്യവുമായി പിറന്നു വീണ ആസിം വെളിമണ്ണയെന്ന മിടുക്കൻ നീന്തിക്കടന്നത് ഒരു കിലോമീറ്റർ ജല ദൂരം , താമരശ്ശേരിക്കടുത്ത വെളിമണ്ണ സ്വദേശി സയ്യിദ് യമാനിയുടെ മകനാണ് നിശ്ചയദാർഢ്യത്തിന് മുൻപിൽ വൈകല്യങ്ങളെ അനുദിനം തോൽപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മിടു മിടുക്കൻ ....
ഇരു കൈകളുമില്ലാത്ത
വലതുകാലിന് സ്വാധീനമില്ലാത്ത താമരശ്ശേരി വെളിമണ്ണ സ്വദേശിയായ
പതിനഞ്ചു വയസ്സുകാരൻ
ആസിം എന്ന ഈ അത്ഭുത ബാലൻ ഇന്ന് രാവിലെ പെരിയാർ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു .
പെരിയാറിൻ്റെ ആലുവ അദ്വൈതാശ്രമം കടവിൽ ഒരു കിലോമീറ്ററോളം ഓളപ്പരപ്പുകൾ കീറി മുറിച്ചു നീന്തിക്കടന്നാണ് ആസിം മലയാളത്തിനൊപ്പം ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുന്നത് ...
തെളിനീരിൻ കുഞ്ഞോളങ്ങളൊഴുക്കി ചരിത്രത്തിലേക്കൊഴുകുന്ന ആലുവാപ്പുഴ ആസിമിന് മുന്നിൽ കുറച്ച് നേരം വഴി മാറി നിന്നു . ആസിമിൻ്റെ അത്ഭുത പ്രകടനത്തിൽ ഒരായിരം ശിവരാത്രികൾ കണ്ട പെരിയാർ പോലും ഒരു നിമിഷം നാണിച്ചു നിന്നു പോയിക്കാണും , ഇരു കൈകളും കാലുകളുമുള്ള സാധാരണ മനുഷ്യന് പോലും അത്ര ഏളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയാത്ത സാഹസിക പ്രകടനമാണ് ആസിം ഇന്ന് നേട്ടങ്ങളുടെ പുസ്തകത്താളിൽ തങ്കലിപികളാൽ എഴുതിച്ചേർത്തിരിക്കുന്നത് ...
സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിയിൽ നിന്നും വെറും രണ്ടാഴ്ചകൊണ്ട്
നേടിയെടുത്ത പരിശീലന മികവിൽ വൈകല്യങ്ങളെ ഉൾക്കരുത്താക്കി ആസിം വെളിമണ്ണ
ഇന്ന് രാവിലെ ആലുവ പുഴയുടെ ഏറ്റവും വീതി കൂടിയ ഭാഗമായ അദ്വൈതാശ്രമം കടവിൽ നിന്നും മണപ്പുറം കടവ് വരെ അനായാസം നീന്തി കടന്നപ്പോൾ പെരിയാറിൻ്റെ കുളിരലകൾ ഈ മിടുക്കന് ജലകണങ്ങൾ കൊണ്ട് മലർമാല തീർത്ത് പൂച്ചെണ്ടുകൾ സമർപ്പിച്ചിട്ടുണ്ടാവും ....
എസ്.വി.സുമേഷ്
താമരശ്ശേരി
Tags:
KOZHIKODE