പൂനൂർ: ലോക്ക് ഡൗൺ കാലത്തെ അവധി ദിനങ്ങൾ ഉചിതമായി ഉപയോഗപ്പെടുത്തിയ ഒരു വിദ്യാർഥികൂടി ഇതാ.സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മത്സ്യം വളർത്തൽ ഹരമാക്കിയത് പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഒൻപതാം തരം വിദ്യാർഥി ദേവപ്രയാഗ്.
പാത്രങ്ങളിലും വീപ്പയിലും വളർത്തിയിരുന്ന മത്സ്യങ്ങൾക്ക് സ്ഥിരമായി ഒരു കുളം വേണമെന്ന് ദേവപ്രയാഗിന് തോന്നി. രണ്ട് മണിക്കൂർ വീതം പണിയെടുത്ത് രണ്ടര മീറ്റർ നീളവും വീതിയും രണ്ട് മീറ്ററോളം ആഴവുമുള്ള ഒരു കുളം സ്വന്തം കുഴിച്ചുണ്ടാക്കിയത് ഒരു മാസം കൊണ്ട്. പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് കുളത്തിൽ വെള്ളം കെട്ടി നിർത്തുകയും ചെയ്തു. ചെറിയ ഒരു കുളവും വേറെ തയ്യാറാക്കിയിട്ടുണ്ട്.
നട്ടർ, വാള, തിലാപ്പി, അനാബസ് മത്സ്യങ്ങളെയാണ് വളർത്തുന്നത്. വാളയും,അനാബസിന്റെയും കുഞ്ഞുങ്ങളെ കിഴക്കോത്ത് പഞ്ചായത്തിൽ നിന്ന് കിട്ടിയതാണ്. മറ്റുള്ളവ വില കൊടുത്ത് വാങ്ങിയതും. രാവിലെ ആവശ്യത്തിന് തീറ്റകൊടുക്കുകയും പരിചരണങ്ങൾ നൽകുകയും ചെയ്യുന്നു. ചെമ്മീൻ തീറ്റയാണ് പ്രധാനമായും നൽകുന്നത്. മാതാപിതാക്കളുടെ പൂർണമായ പിൻതുണയും സഹകരണവും ഈ വിദ്യാർഥിക്ക് ലഭിക്കുന്നുണ്ട്.
പൂനൂർ ചോയിമഠത്തിൽ വെള്ളിലാട്ട് പൊയിൽ ജയപ്രകാശിൻ്റെയും അജിനിയുടെയും മകനാണ്. വീട്ടിലെ കോഴി, പശു വളർത്തലിലും പച്ചക്കറികൾ കൃഷി ചെയ്യുന്നതിലും പ്രധാന പങ്ക് ദേവപ്രയാഗിന്റേതാണ്. സ്കൗട്ടിലെയും സീഡ് പരിസ്ഥിതി ക്ലബ്ബിലെയും അംഗമാണ്. അധ്യാപകരായ കെ സാദിഖ്, കെ അബ്ദുൽ ലത്തീഫ്, എ പി ജാഫർ സാദിഖ്, പി ടി സിറാജുദ്ദീൻ എന്നിവർ ഗൃഹസന്ദർശനം നടത്തി മാർഗനിർദ്ദേശങ്ങൾ നൽകി.
Tags:
POONOOR