Trending

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ തുടരും; സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേ‍ര്‍ന്ന അവലോകന യോ​ഗമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്.

മൂന്നാം തരം​ഗത്തിന്റെ പശ്ചാത്തലത്തില്‍ ഏ‍ര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം.
പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകളോ ഇല്ല. ‍ഞായറാഴ്ച ലോക്ക്ഡൗണ്‍ മാറ്റമില്ലാതെ തുടരും.സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്.

അതേസമയം അതിരൂക്ഷ കൊവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകള്‍ കുറഞ്ഞെന്ന് യോ​ഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റ​ഗറിയില്‍ തന്നെ തുടരും. രാത്രിക്കാല ക‍ര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റ​ഗറിയില്‍പ്പെടുന്ന ജില്ലകളില്‍ തീയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമ‍ര്‍ശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.

അന്താരാഷ്ട്ര യാത്രാര്‍ക്കുള്ള റാന്‍ഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വ്യക്തമായസാഹചര്യത്തില്‍ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെല്‍റ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.

അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതി​ഗതികള്‍ സാധാരണ നിലയിലേക്ക് വരുമെന്നുമാണ് അവലോകനയോ​ഗത്തിലെ പ്രതീക്ഷ. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞില്ല എന്നതും ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോ​ഗം വിലയിരുത്തി.
Previous Post Next Post
3/TECH/col-right