Trending

പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് പരിശോധന ശക്തമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരെയും പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് പരിശോധന ശക്തമാക്കാനുള്ള നിർദ്ദേശം.

പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീര വേദന, മണമോ, രുചിയോ നഷ്ടപ്പെടൽ, തളർച്ച, ഡയേറിയ എന്നീ ലക്ഷണങ്ങളുമായി എത്തുന്നവരെയെല്ലാം കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കണം. ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ സ്വയം നിരീക്ഷണത്തിൽ പോകണം. ഇവർ ക്വാറന്റൈൻ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

ആർടിപിസിആർ പരിശോധനകളുടെ ഫലം വൈകുന്ന സാഹചര്യം ഉണ്ടായാൽ റാപ്പിഡ് ആന്റിജൻ പരിശോധനയിലേക്ക് കടക്കാം. ഇതിനായി എല്ലായിടത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ബൂത്തുകൾ സ്ഥാപിക്കണം. ലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനായുള്ള പരിശോധന കിറ്റുകൾക്ക് ഉടൻ അംഗീകാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.

നിലവിൽ രാജ്യത്തെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. നിലവിൽ 1200 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശയാത്രാ പശ്ചാത്തലം ഉള്ളവർക്ക് പുറമേ സമ്പർക്കത്തിലേർപ്പെട്ടവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്നുവെന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഒമിക്രോൺ വ്യാപനം രാജ്യത്തെ കൊറോണയുടെ മൂന്നാം തരംഗത്തിലേക്കാവും നയിക്കുക.
Previous Post Next Post
3/TECH/col-right