അബുദാബി : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്കാര്‍ ലോക്കല്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും പിഎന്‍ആര്‍ നമ്പറിനൊപ്പം നല്‍കണമെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ പോകുമ്പോള്‍ ഇന്ത്യയില്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ നല്‍കാത്തത് പ്രയാസമുണ്ടാക്കുന്നതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
യുഎഇയിലേക്ക് വരുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ രാജ്യത്തുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പര്‍ കൂടി നല്‍കണം. അപ്രതീക്ഷിത നിയന്ത്രണങ്ങളും വിമാനം വൈകുന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങളും യാത്രക്കാരുമായി പങ്കുവെയ്ക്കാനാകാതെ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നടപടി. ആരും സ്വീകരിക്കാനില്ലാതെ യുഎഇയില്‍ നിന്ന് മടക്കി അയയ്‌ക്കേണ്ട അവസ്ഥ ഇല്ലാതിരിക്കാനാണ് പ്രാദേശിക നമ്പര്‍ ആവശ്യപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട നിയമം നിലവില്‍ ഉണ്ടെങ്കിലും രണ്ടിടങ്ങളിലെയും ഫോണ്‍ നമ്പര്‍ പിഎന്‍ആര്‍ നമ്പറില്‍ പലരും അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ ഇവിടത്തെയും നാട്ടിലെയും ഫോണ്‍ നമ്പറും മെയില്‍ ഐഡിയും നിര്‍ബന്ധമായും പിഎന്‍ആര്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഏജന്‍സികള്‍ പലപ്പോഴും നാട്ടിലെ നമ്പര്‍ കൊടുക്കാത്തതും ബുദ്ധിമുട്ടാണ്.
യുഎഇ വിമാനത്താവളത്തില്‍ എത്തുന്ന സമയം കണക്കാക്കി 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് യുഎഇയിലെ നിയമം. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂറിനകം എടുത്ത റാപ്പിഡ് പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്. ഇതിനായി യാത്രക്കാര്‍ 6 മണിക്കൂര്‍ മുമ്പ് ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യം ടിക്കറ്റെടുക്കുമ്പോള്‍ തന്നെ യാത്രക്കാരെ അറിയിക്കണം.
ഏത് രാജ്യത്തേയ്ക്ക് പോയാലും അവിടത്തെ കൊവിഡ് നിബന്ധനകളും യാത്രക്കാര്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ആര്‍ടിപിസിആര്‍ നിയമത്തെ കുറിച്ച് അറിയാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനെത്തിയ പലര്‍ക്കും തിരികെ പോകേണ്ടി വന്ന സാഹചര്യത്തിലാണ് ഓര്‍മപ്പെടുത്തല്‍. മാത്രമല്ല, യാത്രാ രേഖകളുടെയും ആര്‍ടിപിസിആര്‍ ഫലത്തിന്റെയും മറ്റ് യാത്രാ അനുമതിയുടെയും പകര്‍പ്പ് കരുതണമെന്നും അധികൃതര്‍ പറഞ്ഞു.