Trending

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം. അപേക്ഷ നല്‍കിയാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. കാട്ടുപന്നി റോഡിനു കുറുകെ ചാടി ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് മരിച്ച കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45) ന്റെ മൃതദേഹവുമായാണ് ബന്ധുക്കളും കര്‍ഷക സംഘടനകളും പ്രതിഷേധിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ആറിന് രാത്രി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തുവെച്ച് പന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോമറിഞ്ഞ് റഷീദിനും മകള്‍ക്കും പേരക്കുട്ടിക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് റഷീദ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകുന്നതനിടെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിലെത്തിച്ച് പ്രതിഷേധിച്ചത്. അല്‍പ്പ സമയത്തിന് ശേഷം സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.

താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങലക്കണ്ടിയില്‍, ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. താമരശ്ശേരി സഹസില്‍ദാര്‍ സി സുബൈറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുമായി ചര്‍ച്ച നടത്തി.

ആരും ഇതേവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ ലഭിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അപേക്ഷ എഴുതി നല്‍കുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു.
Previous Post Next Post
3/TECH/col-right