Trending

പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടിക്കാനെത്തിയ പൊലീസിന്​ നേരെ ആക്രമണം.

കുന്ദമംഗലം: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം.ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു.
കഞ്ചാവ്​ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ്​ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33)വിനെ പിടിക്കാനെത്തിയപ്പോഴാണ്​ സിനിമാസ്​റ്റൈല്‍ സംഭവങ്ങള്‍ അരങ്ങേറിയത്​.

ഡെന്‍സാഫ് സ്ക്വാഡ് അംഗം ജോമോന്‍റെ കാലിന്‍റെ മുട്ടിനാണ്​ ഗുരുതര പരിക്കേറ്റത്​. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുനോജ്, അര്‍ജ്ജുന്‍, സായൂജ്, ജിനീഷ്, മിഥുന്‍ എന്നിവരാണ്​ പരിക്കേറ്റ മറ്റ്​ സ്ക്വാഡ് അംഗങ്ങള്‍. മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്‍ശന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ഡന്‍സാഫും സ്ക്വാഡും ചേര്‍ന്ന് അതിസാഹസികമായി​ പ്രതിയെ പിടികൂടിയത്​.

കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്‍ പട്ടാപ്പകലാണ്​ സംഭവം. ഏരിമലയിലുള്ള കല്യാണവീട്ടില്‍ പ്രതി വരാന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ടിങ്കു ഈ വീട്ടിലേക്ക് വരുന്ന വഴിയേ പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിടിക്കാന്‍ ശ്രമിച്ച പൊലീസിനെ പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു.

കീഴ്പെടുത്തി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി ഇവിടെ നിന്ന് ഇറങ്ങി ഓടി റോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിനുമുകളില്‍ കയറിയ പ്രതിയെ സാഹസികമായാണ്​ പിടികൂടിയത്​. മെഡിക്കല്‍ കോളജ് എ.സ്.ഐമാരായ രമേഷ് കുമാറിന്‍റെയും ദീപ്തി വി.വിയുടെയും നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേര്‍ന്നാണ്​ ഇവിടെനിന്ന്​ പ്രതിയെ പിടികൂടിയത്​.

ഈ വര്‍ഷം ജൂണ്‍ ഒന്നിന്​ ഉച്ചക്ക് ചേവായൂരിലെ പ്രസ​േന്‍റഷന്‍ സ്കൂളിന് സമീപത്തുള്ള വീട്ടില്‍ യുവതിയെ ആക്രമിച്ച്‌​ ദേഹത്തുണ്ടായിരുന്ന ഒമ്ബത്​ പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ഫെബ്രുവരി 10ന്​ മെഡിക്കല്‍ കോളജിനടുത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി യുവതികളെ ആക്രമിച്ച്‌​ 13 പവന്‍ സ്വര്‍ണ്ണവും മൂന്ന്​ മൊബൈല്‍ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്‍റെ ആധാരവും കവര്‍ന്ന കേസിലും പ്രതിയാണ് ടിങ്കു.

2016 ല്‍ പത്ത് കിലോ കഞ്ചാവുമായി ഫറോക്ക്​ പൊലീസും 2018 ല്‍ അഞ്ച് കിലോയോളം കഞ്ചാവുമായി കുന്ദമംഗലം പൊലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും പിടിച്ചുപറി കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പോലീസിന്‍റെ പിടിയില്‍ നിന്നും വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ട പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

സ്ക്വാഡ് അംഗങ്ങളായ എ.എസ്​.ഐ സജി എം, എസ്.സി.പി.ഒമാരായ കെ. അഖിലേഷ്, കെ എ ജോമോന്‍, സി.പി.ഒമാരായ എം. ജീനേഷ്, എം. മിഥുന്‍, അര്‍ജുന്‍ അജിത്ത്​, സുനോജ്, സായൂജ് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post
3/TECH/col-right