താമരശ്ശേരി : കുണ്ടും കുഴിയും നിറഞ്ഞ റോഡ് എവിടെ നോക്കിയാലും ചെറുതും വലുതുമായ ഗർത്തങ്ങൾ. ദേശീയ പാതയിലെ സ്ഥിതിയാണിത്. വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറുന്നു. അപകടത്തിൽപ്പെട്ട് മരണം വരെ ഉണ്ടായി. എന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ദേശീയ പാത അധികൃതരും കരാറു കമ്പനിയും.
ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം മണ്ണിൽ കടവ് മുതൽ അടിവാരം വരെ നവീകരണ പ്രവൃത്തികൾ കരാറെടുത്തത് നാഥ് കമ്പനിയാണ്. ഒരു വർഷത്തോളമായി പ്രവൃത്തി തുടങ്ങിയിട്ട്. എങ്ങുമെത്തിയില്ല. ഇതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രവൃത്തി പെട്ടെന്ന് ചെയ്ത് തീർക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഈ മാസം 15 - ന് മുൻപ് പണി പൂർത്തീകരിക്കുമെന്ന് കമ്പനി പ്രതിനിധി മന്ത്രിക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉറപ്പ് കമ്പനി കാറ്റിൽ പരത്തുകയായിരുന്നു. റോഡിന്റെ അവസ്ഥ കാരണം യാത്രക്കാർ ഏറെ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ പൊതുമരാത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
റീ ടാറിങ്ങിന് ഒപ്പം പെരുമ്പള്ളി ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ റോഡ് ഉയർത്തുന്നതുൾപ്പടെ 28 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം നൽകിയത്. താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം വരെ ദേശീയ പാതയിൽ രൂപം കൊണ്ട ചെറുതും വലുതുമായ ഗർത്തങ്ങളിൽ ചാടി നിരവധി വാഹന അപകടങ്ങൾ പതിവായിരിക്കുകയാണ്.
കൈതപ്പൊയിൽ പാലത്തിന് സമീപത്തെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട് ഒരു സ്കൂട്ടർ യാത്രക്കാരൻ ഏതാനും മാസങ്ങൾക്ക് മുൻപ് മരണപ്പെടുകയും ചെയ്തു.എന്നിട്ടു അപകടം വരുത്തി വെച്ച കുഴി ഇതുവരെ നികത്താതെ കിടക്കുകയാണ്. ഈങ്ങാപ്പുഴ പാലത്തിനും ബസ് സ്റ്റോപ്പിന് മുൻ വശത്തും കൂഴികൾ രൂപപ്പെട്ടിട്ട് ദിവസങ്ങളോളമായി.
അമ്പായത്തോടും പുല്ലാഞ്ഞിമേട് ഭാഗളിൽ പുതുതായി ടാറിങ് നടത്തിയിടത്തുമാണ് പുതിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം പാലത്തിനോട് ചേർന്ന് രൂപപ്പെട്ട കുഴിയിൽ നിരവധി ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.
അപകടങ്ങൾ നിത്യ സംഭവമായി മാറിയിട്ടും യാതൊരനക്കവും കരാറെടുത്ത നാഥ് കമ്പനിയുടെയും ദേശീയ പാത ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാവില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
Tags:
THAMARASSERY