Trending

സ്നേഹ- കാരുണ്യത്തിൻ്റെ തീർത്ഥ പ്രവാഹം:ഡോ. ഇസ്മായിൽ മുജദ്ദിദി

ലോകത്ത് തുല്യതയില്ലാത്ത നാഗരികതയും സംസ്കാരവും പ്രദാനം ചെയ്ത് പ്രചരിച്ച ദൈവിക പ്രത്യയശാസ്ത്രമായ ഇസ്‌ലാമിൻ്റെയും ദാർശനിക ഗ്രന്ധമായ ഖുർആനിൻ്റെയും കൂടെ ആ നാമം അവിസ്മരണീയമായി ജ്വലിച്ചു നിൽക്കുന്നു. മുഹമ്മദ് എന്നാൽ പ്രശംസിക്കപ്പെട്ടവൻ, വാഴ്ത്തപ്പെട്ടവൻ എന്നൊക്കെയാണർത്ഥം. 
ഭൗതികമായും ആത്മീയമായും വരണ്ട കാലാവസ്ഥയിൽ അതിജീവനത്തിൻ്റെ പോരാട്ടങ്ങളേറെ മറികടന്നാണ് തിരുനബി മക്കാ മണലാരണ്യത്തിൽ വിജിഗീഷുവായത്.

സ്നേഹം, കാരുണ്യം, ദയ, സഹാനുഭൂതി, ധർമം, ധൈര്യം, തുടങ്ങിയ ധാരാളം ഗുണങ്ങളുടെ വിളനിലമാക്കി 23 വർഷം കൊണ്ട് സമാധാനത്തിൻ്റെ സന്ദേശത്തിലൂടെ ഒരു ജനതയെ പരിവർത്തനം ചെയ്തെടുത്തു തിരുദൂതർ (സ്വ). മനുഷ്യ മനസുകളെ മഥിച്ചിരുന്ന ബഹുവിധ അനാചാരങ്ങളെയും ദൂഷ്യക്കളെയും സാരോപദേശങ്ങളിലൂടെയും യുക്‌തിയിലൂടെയും വിപാടനം ചെയ്ത് സംസ്കരിച്ചെടുത്തു.
സൗഹൃദങ്ങൾ, അയൽപക്കങ്ങൾ, രാഷ്ട്രീയം, സാമുദായികം, സാമൂഹികം തുടങ്ങിയ സംജ്ഞകൾക്ക് അർത്ഥവും ആഴവും പകർന്നു നൽകിയ കാരുണ്യവാൻ, നൽകിയ സന്ദേശം ലോകമൊന്നാകെ പടർന്നു പിടിച്ചു. മനുഷ്യ സഞ്ചയത്തെ മാത്രമല്ല; പക്ഷിമൃഗാദികളോട് കരുണയും ദയയുമുള്ളവരാകാൻ ലോകത്തെ പരിശീലിപ്പിച്ചു.

ധർമയുദ്ധത്തിൽ പോലും വൃക്ഷങ്ങൾ വെട്ടിമുറിക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത യോഗിവര്യനായിരുന്നു നബി തിരുമേനി.
കുട്ടികളോട്, വൃദ്ധരോട്, സ്ത്രീകളോട് കാണിച്ച തുല്യതയില്ലാത്ത നീതിയുടെയും പരിഗണനയുടെയും മന്ത്രങ്ങളാണ് ലോകത്തോളം ഈ ധർമ സംസ്ഥാപനത്തെ പരിചിതമാക്കിയത്. എഴുത്തുകാർ, കവികൾ, പ്രഭാഷകർ ആ അപദാനങ്ങളെ പ്രകീർത്തിക്കുന്നതും വെറുതെയല്ല. നമുക്കും പറയാം. 
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം (നബിയേ, അങ്ങയിൽ അല്ലാഹു വിൻ്റെ രക്ഷയും കടാക്ഷവും ഉണ്ടാകട്ടെ )
Previous Post Next Post
3/TECH/col-right