Trending

ജില്ലയിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി.

കോഴിക്കോട് ജില്ലയിലെ കൊവിഡ് സാഹചര്യങ്ങളും സജ്ജീകരണങ്ങളും സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷയില്‍ കലക്ട്രേറ്റ് ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. ഓക്‌സിജന്‍ ലഭ്യത, ആശുപത്രികളിലെ കിടക്കകള്‍, ഐസിയു അടക്കമുള്ള സൗകര്യങ്ങള്‍, വാക്‌സിന്‍ വിതരണം, പൊലിസ് സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ ജില്ലയില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു.

വീടുകളില്‍ സൗകര്യമില്ലാത്തവര്‍ നിലവില്‍ സജ്ജമാക്കിയ ഡിസിസികളിലേക്ക് മാറുന്നത് രോഗ പകര്‍ച്ച കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അനധികൃത യാത്രകളും മറ്റും നിയന്ത്രിക്കുന്നതിന്, കണ്ടെയിന്‍മെന്റ് സോണുകളിലടക്കം പൊലിസ് സാന്നിധ്യം ഉറപ്പു വരുത്തണം. ആവശ്യമെങ്കില്‍ ഇടറോഡുകള്‍ അടയ്ക്കണം. വാക്‌സിന്‍ വിതരണത്തില്‍ എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

നെറ്റ്‌വര്‍ക്ക് സംവിധാനം കുറവുള്ളതിനാല്‍ വാക്‌സിന്‍ സ്ലോട്ട് കിട്ടാന്‍ ബുദ്ധിമുട്ടു നേരിടുന്ന മലയോര മേഖല പോലുള്ള പ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ 'സ്‌പോട്ട് വാക്‌സിന്‍' വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. 

ജില്ലയില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാണെന്ന് യോഗം വിലയിരുത്തി. ജില്ലയില്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം അച്ചടക്കം പാലിക്കുന്നതോടൊപ്പം  ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. കൂടുതല്‍ പേര്‍ പരിശോധനക്ക് വിധേയരാകാന്‍ തയ്യാറായാല്‍ രോഗം പകരുന്നത് തടയാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.

ഡിസിപി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, കോഴിക്കാട് മെഡിക്കല്‍ കൊളജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.ജയേഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right