Trending

കോഴിക്കോട് ലഹരി മരുന്ന് വേട്ട: പിടിയിലായത് എളേറ്റിൽ, കട്ടിപ്പാറ സ്വദേശികൾ.

കോഴിക്കോട് :ന്യൂജൻ ലഹരിമരുന്നുമായി കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ.എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33),എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44 ഗ്രാം ലഹരി മരുന്നുമായി ചേവായൂർ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ 15 വർഷം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പിൽ 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് അൻവർ ജയിൽ മോചിതനായിരുന്നു.കുവൈറ്റ് ജയിലിൽ സമാനമായ കേസിൽ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് അൻവർ ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചിട്ടുള്ളത്.

നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്.

സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ. ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം 4 മുതൽ 6 മണിക്കൂർ വരെ ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ ലഹരിമരുന്നിന്റെ ഉപയോഗം വർധിച്ചു വരാനുള്ള സാധ്യത മുന്നിൽ കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി. എ.വി. ജോർജ്ജ് ഐ.പി.എസ്. കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഡി.സി.പി. സ്വപ്നിൽ മഹാജൻ ഐ.പി.എസിന്റെ കീഴിൽ ഡൻസാഫും, സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

ഗോവ, ബാഗ്ലൂർ, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളിൽ നിന്ന് ചെറിയ തുകക്ക് വലിയ അളവിൽ ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വൻവിലയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ട്. ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും- മെഡിക്കൽ കോളേജ് എ.സി.പി. കെ.സുദർശൻ പറഞ്ഞു.

ഏതാനും മാസത്തിനിടെ കോഴിക്കോട് സിറ്റിയിൽ 60 കിലോയോളം കഞ്ചാവും 75 ഗ്രാമോളം എം.ഡി.എം.എയും 300 ഗ്രാം ഹാഷിഷും, നിരവധി നിരോധിത പുകയില ഉല്പന്നങ്ങൾ, ഹാഷിഷ് ഓയിൽ എന്നിവ ഡൻസാഫിന്റെ സഹായത്തോടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിട്ടുണ്ട്.

മയക്കുമരുന്ന് പിടികൂടിയവരിൽ ചേവായൂർ സറ്റേഷൻ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ് ഐമാരായ അഭിജിത്ത്, ഷാൻ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സി.പി.ഒ.മാരായ കെ.അഖിലേഷ്, കെ.എ. ജോമോൻ, സി.പി.ഒ. എം. ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, എം. ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവർ ഉണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right