പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിദ്യാർഥിയായ വിസ്മയയ്ക്ക് ഇത് അഭിമാനകരമായ നേട്ടം. പുനർമൂല്യനിർണയത്തിൻ്റെ ഫലം വന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടാനായി. എസ് എസ് എൽ സി ഫലം വന്നപ്പോൾ ഒൻപത് വിഷയങ്ങളിലായിരുന്നു എപ്ലസ്. എന്നാൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുകയായിരുന്നു.
കട്ടിപ്പാറ കോളിക്കൽ ആര്യംകുളം പി ഗിരീഷിന്റെയും കെ പി രോഹിണിയുടെയും മകളാണ് വിസ്മയ. പേശികളുടെ ബലക്ഷയം മൂലം തളർന്ന ശരീരത്തിന് സ്വന്തം ഇഷ്ടപ്രകാരം നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. മറ്റു കുട്ടികളുടെ അത്ര വേഗത്തിൽ എഴുതാൻ പ്രയാസം നേരിട്ടിരുന്നു. ഭക്ഷണം കഴിക്കാൻ അമ്മ വാരിക്കൊടുക്കണം. സ്ക്കൂളിൽ ക്ലാസ്സുകളിൽ ഇരിക്കാൻ പ്രത്യേകം തയ്യാറാക്കിയ കസേര ഉപയോഗിക്കുകയായിരുന്ന വിസ്മയയോടൊപ്പം കോമ്പൗണ്ടിലെവിടെയെങ്കിലും ചെലവഴിച്ച് അമ്മയും കാണുമായിരുന്നു.
![]() |
എൻ എം എം എസ് ഇ നേടിയതിന് സ്ക്കൂൾ ഏർപ്പെടുത്തിയ പുരസ്കാരം മുൻ മന്ത്രി പ്രഫ. സി രവീന്ദ്രനാഥിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു. (ഫയൽ ഫോട്ടോ) |
അടങ്ങാത്ത ആത്മവിശ്വാസവും തീരാത്ത ദൃഢനിശ്ചയവും പ്രയാസങ്ങൾ ഒന്നുമില്ലാത്ത മറ്റു കുട്ടികളെക്കാൾ മുന്നിലെത്താൻ അവളെ സഹായിച്ചു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എൻ എം എം എസ് പരീക്ഷയിൽ ജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു. മാതാപിതാക്കളുടെയും അനുജൻ വൈഷ്ണവിൻ്റെയും സഹായം നന്നായി കിട്ടിയിരുന്നതായും സ്ക്കൂൾ സ്വന്തം തറവാട് വീട് പോലെയായിരുന്നെന്നും വിസ്മയ പറയുന്നു.
Tags:
EDUCATION