Trending

20 വയസുകാരൻ ഒറ്റക്ക് കാശ്മീരിലേക്ക് നടന്ന് യാത്ര ചെയ്യുന്നു.

20 വയസുകാരൻ ഒറ്റക്ക് കാശ്മീരിലേക്ക് നടന്ന് യാത്ര ചെയ്യുന്നു. പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. പക്ഷെ സംഗതി സത്യമാണ്.  നിലമ്പൂർ സ്വദേശി മുഹമ്മദ് സനീറാണ് തൻ്റെ സ്വപ്ന യാത്ര തുടങ്ങിയിരിക്കുന്നത്.

സനീറിൻ്റെ 3 വർഷമായുള്ള ആഗ്രഹം കൂടിയാണ് ഇപ്പോൾ യാഥാർത്ഥ്യമാവാൻ പോവുന്നത്. ഞായറാഴ്ചയാണ് സനീർ മലപ്പുറത്ത് നിന്ന് യാത്ര ആരംഭിച്ചത്, ഇന്നലെ വൈകുന്നേരം താമരശ്ശേരിയിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ ചുങ്കത്ത് നിന്നും യാത്ര പുനരാരംഭിക്കും.

യാത്രയോടുള്ള ഈ യുവാവിൻ്റെ അടങ്ങാത്ത അഭിനിവേശം തന്നെയാണ് ഈ യാത്രക്ക് കാരണമായതും. ആദ്യം ബൈക്കിൽ പോകാം എന്നാണ് കരുതിയിരുന്നത്. പക്ഷെ പെട്രോൾ വില സമ്മതിച്ചില്ല. പിന്നീട് സൈക്കിളിൽ പോകാം എന്ന് കരുതിയപ്പോൾ സൈക്കിളിന്‍റെ വിലയും താങ്ങാനായില്ല. അവസാനം രണ്ടും കൽപ്പിച്ച് കശ്‌മീർ വരെ നടന്നു പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.

മൂന്നു വർഷത്തോളമായി ഈ ആഗ്രഹം മനസ്സിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു സനീർ. ഒടുവിൽ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം തമാശ പറയുകയാണെന്ന് വിചാരിച്ച രക്ഷിതാക്കൾ പിന്നീട് സനീറിന്‍റെ വാശിക്ക് മുന്നിൽ കീഴടങ്ങി. മലപ്പുറം ജില്ലയിലെ നിലമ്പൂർ മന്നിതൊടിക സക്കീർ- ഷറഫുന്നീസ ദമ്പതികളുടെ നാലു മക്കളിൽ ഏക ആൺതരി ആണ് സനീർ. ദിവസവും 30 മുതൽ 35 കിലോമീറ്ററങ്കിലും നടക്കണമെന്നാണ് ഈ യുവാവിൻ്റെ ആഗ്രഹം



രാവിലെ 7 മണിക്ക് തുടങ്ങുന്ന യാത്ര വൈകിട്ട് 5 മണിയോടെ അവസാനിപ്പിക്കും. പിന്നീട് സുരക്ഷിത കേന്ദ്രത്തിൽ അന്തിയുറങ്ങും. അതത് പോലീസ് സ്റ്റേഷനുകളിലെത്തി യാത്രാവിവരം അറിയിക്കുകയും ചെയ്യും. വഴിയിലെല്ലാം നല്ല സഹായവും പിന്തുണയും ലഭിക്കുന്നതായി സനീർ പറഞ്ഞു. കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ച സനീർ ഏറെ ആത്മവിശ്വാസത്തിലാണ്


താമരശ്ശേരി, കൊയിലാണ്ടി, വടകര,കണ്ണൂർ, മംഗലാപുരം വഴി ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ,ഹരിയാന എന്നിവിടങ്ങളിലൂടെ ലഡാകിലേക് 3200 കിലോമീറ്റർ ദൂരം നാലുമാസം കൊണ്ട് പിന്നിടുകയാണ് സനീറിന്‍റെ ലക്ഷ്യം. നിലവിൽ സനീറിന്‍റെ യാത്ര കോഴിക്കോട് ജില്ലയിലൂടെ പുരോഗമിക്കുകയാണ്. തന്‍റെ യാത്രയെ വലിയ പ്രതീക്ഷയോടെയാണ് സനീർ നോക്കികാണുന്നത്. 
Previous Post Next Post
3/TECH/col-right