Trending

പെരുവണ്ണാമൂഴി റിസർ വോയിൽ വഞ്ചിയിൽ നിന്നും വീണ് യുവാവ് മരിച്ചു.

താമരശ്ശേരി: പെരുവണ്ണാമൂഴി റിസർവോയിൽ എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു .അപസ്മാരം മൂലം വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. മരുതോങ്കര കെ സി മുക്ക് പാറച്ചാലിൽ പ്രകാശൻ്റെ മകൻ അഭിജിത്ത് (22) ആണ് മരണപ്പെട്ടത്.

ചെറിയ വഞ്ചിയിൽ റിസർവോയിൽ രണ്ടു പേരാണ് ഇറങ്ങിയിരുന്നത്, ഒരാൾ നീന്തി രക്ഷപ്പെട്ടു.സംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേർ അപകട സമയത്ത് കരയിലായിരുന്നു.

🚧🚧🚧🚧🚧

ഇന്ന് പെരുവണ്ണാമൂഴി ഡാമിൽ വെള്ളത്തിൽ  വീണ് 22 വയസ്സുകാരൻ മുങ്ങിമരിച്ചു.. 

വീടിനു തൊട്ടടുത്താണ്. അടുത്ത പ്രദേശമായ മുള്ളൻകുന്നിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കാനായി വന്നതാണ്. നീന്തലറിയാത്ത രണ്ടുപേരും കൂടി വള്ളത്തിൽ പോകുമ്പോൾ അതിൽ ഒരു പയ്യൻ അപസ്മാരം വന്ന് വെള്ളത്തിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. 15 മീറ്ററോളം ആഴമുള്ള സ്ഥലത്തുവെച്ചാണ് അപകടം നടന്നത്. കൂടെയുള്ള പയ്യന്റെ കരച്ചിൽ കേട്ട്  അയൽവാസി കരയിൽനിന്നും നീന്തി എത്തുമ്പോളേക്കും അപകടത്തിൽ പെട്ടയാൾ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയിരുന്നു. 2 മണിക്കൂറോളം നടത്തിയ തിരച്ചിലിനു ശേഷമാണ് ബോഡി കണ്ടെത്തി കരയിലെത്തിക്കാനായത്. 

വെള്ളത്തിൽ ഇറങ്ങുന്നവരോട് എപ്പോളും പറയാറുള്ള കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നു.. 

1. എത്ര നീന്തൽ അറിയാം എങ്കിലും, നിങ്ങൾ ലൈഫ് ജാക്കറ്റൊ, കാറ്റു നിറച്ച ട്യൂബൊ കയ്യിൽ കരുതണം. അപസ്മാരം, കോച്ചിപ്പിടുത്തം, കുഴഞ്ഞുപോകൽ, ഹാർട്ടറ്റാക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വെള്ളത്തിൽ വെച്ച് നിങ്ങൾക്ക് സംഭവിച്ചാൽ, എത്ര നീന്തൽ അറിയുന്ന ആളായാലും, നിങ്ങൾക്ക് ഒന്നും ചെയ്യാനോ, രക്ഷപ്പെടാനോ കഴിയില്ല. നിങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന ആളുടെ ജീവനും അപകടത്തിൽ പെടുത്താൻ മാത്രമേ നിങ്ങളുടെ അലംഭാവം മൂലം കഴിയൂ.. 

2. തോണിയിലാണ്, ബോട്ടിലാണ്, കൊട്ടവഞ്ചിയിലാണ് നിങ്ങൾ വെള്ളത്തിലൂടെ പോകുന്നതെന്നും, ബോട്ടിലും കൊട്ടവഞ്ചിയിലും വള്ളത്തിലും നിങ്ങളുടെ ജീവൻ സുരക്ഷിതമാണ് എന്നും നിങ്ങൾ അഹങ്കരിക്കരുത്. ബോട്ടിലായാലും, വള്ളത്തിലായാലും, കൊട്ടവഞ്ചിയിൽ ആയാലും കാറ്റ് നിറച്ച ട്യൂബൊ, ലൈഫ് ജാക്കറ്റോ നിങ്ങൾ കയ്യിൽ കരുതണം. കരയിൽ നമ്മൾക്കു വരുന്ന അപകടങ്ങളെ നമ്മൾ കൈകാര്യം ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല വെള്ളത്തിൽ വെച്ചുള്ള അപകടങ്ങളെ കൈകാര്യം ചെയ്യാൻ. 

3. അപകടത്തിൽ പെട്ടയാളെ ജീവൻ രക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷിക്കാനായി ഇറങ്ങി പുറപ്പെടുന്നത്, രക്ഷിക്കാൻ പോകുന്നവരുടെ ജീവൻ അപകടത്തിൽ പെടുത്തുന്നതിനു കാരണമാകും. അപകടം പറ്റി വെള്ളത്തിലേക്കു താഴ്ന്ന് പോകുന്ന ആൾ അവരുടെ സകല ആരോഗ്യവും എടുത്ത് നിങ്ങളെ പിടിച്ചു വലിക്കും. മരണത്തെ മുന്നിൽ കാണുന്നവൻ പുറത്തെടുക്കുന്ന ഉശിരിനു അവന്റെ ജീവനോളം വില കാണിക്കും. ആ പിടിച്ചു വലിക്കലിനെ അതിജീവിച്ച് അയാളെ വെള്ളത്തിൽ നിന്നും പൊക്കിയെടുത്ത് അയാളെയുമായി നീന്തി കരക്കെത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ലൈഫ് ജാക്കറ്റൊ മറ്റു ജീവൻ രക്ഷാ ഉപാധികളോ രക്ഷിക്കാൻ പോകുന്ന ആളുടെ കയ്യിൽ ഇല്ല എങ്കിൽ അയാളുടെ ജീവനും അപകടം സംഭിവിക്കാം. 

വെള്ളത്തിലൂടെയുള്ള യാത്രയും, നീന്തലും തമാശകളിയല്ല, ജീവന്റെ വിലയുള്ള കളിയാണ് എന്നത് മനസ്സിൽ കണ്ട് ജീവൻ രക്ഷാ ഉപാധികൾ കയ്യിൽ കരുതി മാത്രം വെള്ളത്തിലിറങ്ങുക.

നിങ്ങളുടെ ജീവനും നിങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ ജീവനും അപകടത്തിൽ പെടുത്താതിരിക്കാനുള്ള വിവേചന ബുദ്ധിയും പാകതയും നിങ്ങൾ കാണിക്കുക. 

ഓരോ ജീവനും വിലപ്പെട്ടതാണ്....

ബിനോ ബാസ്റ്റിൻ
Previous Post Next Post
3/TECH/col-right