Trending

ആരാധനാലയ പ്രവേശനം: സര്‍ക്കാര്‍ നിബന്ധനകള്‍ സങ്കീര്‍ണതയുണ്ടാക്കുന്നു;സ്വാദിഖലി തങ്ങള്‍

ആരാധനാലയങ്ങളിൽ പ്രവേശിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ നിബന്ധനകള്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുന്നത് വലിയ ബുദ്ധിമുട്ടാണ്.

പെരുന്നാള്‍ പോലുള്ള അവസരങ്ങളില്‍ പള്ളിയില്‍ പോവാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാവും. വലിയ ഒരു മഹല്ലില്‍ 40 പേരെ മാത്രമായി പള്ളിയില്‍ പ്രവേശിപ്പിക്കാനുള്ള മാനദണ്ഡം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാവും.

ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണം എന്ന നിബന്ധനയും ബുദ്ധിമുട്ട് സൃഷ്ടിക്കും. വാക്‌സിനെടുക്കാത്തവര്‍ക്ക് പെട്ടന്ന് പോയി വാക്‌സിനെടുക്കാനാവില്ല. വാക്‌സിന്‍ കിട്ടാത്ത അവസ്ഥയുമുണ്ട്. പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഇമാം വാക്‌സിനെടുത്തില്ലെങ്കില്‍ ചടങ്ങുകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാവും. വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കോ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമാണ് ആരാധനാലയത്തില്‍ പ്രവേശനത്തിന് അനുമതിയുള്ളത്.
Previous Post Next Post
3/TECH/col-right