Trending

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തയാള്‍ക്കെതിരെ ക്വട്ടേഷന്‍: കൊടുവള്ളി ആവിലോറ സ്വദേശി പിടിയില്‍.

കോഴിക്കോട് : കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തയാള്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബൂബക്കര്‍ പിടിയില്‍. ഇയാള്‍ കൊടുത്തയച്ച ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി ടിങ്കുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്റ്റ്.

അബൂബക്കറിനായി പൊലീസ് ലുക്കൗട്ട് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കര്‍ പുലർച്ചെ യുഎഇയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലുക്കൗട്ട് നോട്ടീസ് ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും അന്വേഷണ സംഘം എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2018 ഓഗസ്റ്റില്‍ ഷാര്‍ജയില്‍ നിന്നും നൗഷാദ് അലി എന്ന കാരിയര്‍ മുഖേന ആവിലോറ അബൂബക്കര്‍ ഒന്നര കിലോ സ്വര്‍ണ്ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ കുന്ദമംഗലം സ്വദേശി ടിങ്കുവും മറ്റ് സംഘാഗങ്ങളും ചേര്‍ന്ന് ഈ സ്വര്‍ണ്ണം തട്ടിയെടുത്തു. ഇതിനെ തുടര്‍ന്ന് ടിങ്കുവിനെ പിടികൂടാന്‍ കാക്ക രഞ്ജിത്തിന് അബൂബക്കര്‍ ക്വട്ടേഷന്‍ കൊടുത്തു.ടിങ്കുവിന്‍റെ നേതൃത്വത്തില്‍ അബൂബക്കര്‍ കൊടുത്തയച്ച സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ടിങ്കു, രാമനാട്ടുകര സ്വദേശി അറഫാത്ത്, സ്വര്‍ണ്ണം കടത്തിക്കൊണ്ട് വന്ന നൗഷാദ് അലി, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണം തട്ടാന്‍ പദ്ധതി ഇട്ടത്. കരിപ്പൂരില്‍ ഇറക്കേണ്ട സ്വര്‍ണ്ണം സംഘം ഇറക്കിയത് ദില്ലി വിമാനത്താവളത്തില്‍. അവിടെ നിന്ന് വിമാനത്തിലും തീവണ്ടിയിലുമായി സംഘം സ്വര്‍ണ്ണം കേരളത്തില്‍ എത്തിച്ചു.സ്വര്‍ണ്ണം തട്ടിയെടുത്തതില്‍ ടിങ്കുവിന്‍റെ പങ്ക് മനസിലാക്കിയ അബൂബക്കര്‍ ഇത് തിരികെപ്പിടിക്കാന്‍ കാക്ക രഞ്ജിത്തിന് ക്വട്ടേഷന്‍ നല്‍കി. ഇതിനെ തുടര്‍ന്നാണ് രഞ്ജിത്തും കൂട്ടാളികളും ടിങ്കുവിനെ തട്ടിക്കൊണ്ട് പോയത്.

കാസര്‍ക്കോട് ജില്ലയിലെ പൈവളികയിലുള്ള രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ടിങ്കുവിനെ പീഡിപ്പിച്ചു. നിരന്തര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവില്‍ ഒരു കിലോ സ്വര്‍ണ്ണം ടിങ്കു തിരികെ കോടുത്തു. ഇതോടെ ഒരു മാസത്തിന് ശേഷം മോചനം.ഇതിനിടയില്‍ ടിങ്കുവിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് ആവിലോറ അബൂബക്കര്‍ പിടിയിലായത്.

പത്ത് ലക്ഷം രൂപയ്ക്കാണ് കാക്ക രഞ്ജിത്തിന് അബൂബക്കർ ക്വട്ടഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് സ്വര്‍ണ്ണക്കടത്തുകളില്‍ അബൂബക്കറിന്‍റെ പങ്ക് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അബൂബക്കറിനൊപ്പം സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായ കൊടുവള്ളി കളരാന്തിരി സ്വദേശി ഷമീറിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ഇയാള്‍ ഗള്‍ഫിലാണെന്നാണ് പ്രാഥമിക വിവരം.
Previous Post Next Post
3/TECH/col-right