Trending

യൂത്ത് ലീഗ് നേതാവിൻ്റെ വെളിപ്പെടുത്തൽ സമഗ്ര അന്വേഷണം നടത്തണം :ഐ.എൻ.എൽ

കൊടുവള്ളി:നഗരസഭയിലെ മുൻ കൗൺസിലറും യൂത്ത് ലീഗ് നേതാവുമായ കോഴിശ്ശേരി മജീദിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിനെതിരിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഐ.എൻ.എൽ കൊടുവള്ളി നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്തിലെ വനിതാ സെക്രട്ടറിയുടെ ദുരൂഹ മരണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുകയും മരണസമയത്ത് വീട്ടിലുണ്ടായിരുന്ന ഏക ദൃക്സാക്ഷിയായ വേലക്കാരിയുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുകയും വേണം.

നഗരസഭയിലെ മുസ്‌ലിം ലീഗിന് നേതൃത്വം നൽകുന്നത് തട്ടിപ്പും ക്രിമിനൽ സ്വഭാവവും കൈമുതലാക്കിയ ഒരു മാഫിയാ തലവനാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ഏവരാലും അംഗീകരിക്കപ്പെട്ട സി.പി.ഐ (എം) നേതാവ് കെ ബാബുവിനെ വധിക്കാൻ ലീഗ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു എന്നത് അതീവ ഗൗരവമർഹിക്കുന്ന ഒരു വിഷയമാണ്. 

ഹരിത സ്നേഹസംഘം, സുരക്ഷ തുടങ്ങി വിവിധ പേരുകളിൽ സ്വരൂപിച്ച ലക്ഷങ്ങൾ തട്ടിച്ച് വഞ്ചന നടത്തിയതു സംബന്ധിച്ചും പൊതുമരാമത്ത് സ്ഥലം കയ്യേറി പ്രവാസിയുടെ വഴി തടസ്സപ്പെടുത്തി നാല് ലക്ഷം രൂപ ഭീഷണിയിലൂടെ കൈപ്പറ്റിയതുമടക്കം നിരവധി ആരോപണങ്ങളാണ് ലീഗ് നേതൃത്വത്തിനെതിരിൽ സമീപകാലത്തായി ഉയർന്നുവന്നിട്ടുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു. 

എം.പി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഒ.പി.ഐ കോയ, സി.പി നാസർകോയ തങ്ങൾ, ഇ.സി മുഹമ്മദ്, ഒ.ടി സുലൈമാൻ, ഒ.പി സലീം സംസാരിച്ചു. ഒ.പി റഷീദ് സ്വാഗതവും എ.പി സിദ്ദീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right