Trending

ഫസ്റ്റ് ബെൽ രണ്ടാം ഘട്ടം; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂൺ ഒന്ന് മുതലുള്ള ക്ലാസുകളുടെ ടൈംടേബിളാണ് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പുറത്തുവിട്ടത്. അംഗണവാടി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ടൈം ടേബിളുകൾ പുറത്തുവിട്ടിട്ടുണ്ട്.

അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നു നടക്കും. ജൂൺ ഏഴു മുതൽ 10 വരെയാണ് ഈ ക്ലാസുകൾ പുനസംപ്രേഷണം ചെയ്യുക. ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ക്ലാസുകൾ ജൂൺ രണ്ട് മുതൽ നാല് വരെ നടക്കും.

ജൂൺ ഏഴു മുതൽ ഒമ്പത് വരെയും ജൂൺ 10 മുതൽ 12വരെയും ഇവ പുനഃസംപ്രേഷണം ചെയ്യും. ഒന്നാം ക്ലാസുകാർക്ക് രാവിലെ 10നും രണ്ടാം ക്ലാസുകാർക്ക് 11നും മൂന്നാം ക്ലാസുകാർക്ക് 11.30നുമാണ് ക്ലാസുകൾ. നാലാം ക്ലാസിന് ഉച്ചക്ക് ഒന്നരയ്ക്കും, അഞ്ചാം ക്ലാസിന് ഉച്ചക്ക് 2നും ക്ലാസുകൾ നടക്കും. ആറ് (2.30), ഏഴ് (03.00), എട്ട് (3.30) എന്നിങ്ങനെയാണ് ക്ലാസുകൾ നടക്കുക. ഒൻപതാം ക്ലാസിന് നാല് മണിക്കും നാലരയ്ക്കും ഓരോ ക്ലാസുകൾ വീതമുണ്ട്. പത്താം ക്ലാസിന് മൂന്ന് ക്ലാസുകളുണ്ട്. ഉച്ചയ്ക്ക് 12.00 മുതൽ 01.30 വരെയാണ് ക്ലാസുകൾ.

പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴ് മുതൽ 11 വരെയാണ് ക്ലാസുകളുള്ളത്. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകൾ പ്ലസ്ടുവിനുണ്ടാവും. ജൂൺ 14 മുതൽ 18 വരെ ക്ലാസുകൾ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും.
Previous Post Next Post
3/TECH/col-right