കേരളത്തില്‍ കാലവര്‍ഷത്തിന് അടുത്ത ദിവസങ്ങളിൽ ആരംഭം കുറിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളില്‍ മഴയുണ്ട് ഇപ്പോഴും. മഴക്കാലം കനക്കുന്നതോടെ മഴക്കാല രോഗങ്ങളും പകരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ ഏറെ കരുതല്‍ നല്‍കേണ്ടതുണ്ട് മഴക്കാലത്ത്. പ്രത്യേകിച്ച് കൊവിഡ് പശ്ചാത്തലം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
മഴക്കാലത്ത് എലിപ്പനിയ്ക്ക് എതിരെയും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൃത്യമായ സമയത്ത് നല്ലരീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില്‍ എലിപ്പനി ജീവന് തന്നെ ഭീക്ഷണിയായേക്കാം. ഏത് പനിയും എലിപ്പനിയാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പനി വന്നാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുന്നതാണ് നല്ലത്. നേരിട്ട് ആശുപത്രിയില്‍ പോകാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ഫോണ്‍/ വീഡിയോ കോള്‍ വഴി ആരോഗ്യവിദഗ്ധരുമായി സംസാരിക്കാം. നിരവധി ആശുപത്രികള്‍ ഇക്കാലത്ത് ടെലി മെഡിക്കല്‍ സിസ്റ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പനി വന്നാല്‍ സ്വയം ചികിത്സ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. സാധാരണഗതിയില്‍ ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുകയും ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്താണ് എലിപ്പനി ഉണ്ടാകുന്നത്.
മഴക്കാലത്ത് ഏതെങ്കിലും സാഹചര്യത്തില്‍ മലിനജലത്തിലിറങ്ങുന്നവര്‍ക്കാണ് എലിപ്പനി ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് കഴിക്കുന്നതും രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
പനി, പേശി വേദന, തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക. പ്രാരംഭഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കിയാല്‍ എലിപ്പനിയെ അതിജീവിക്കാന്‍ സാധിക്കും. ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം കരള്‍,വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കാനും അത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കാനുമുള്ള സാധ്യതയും കൂടുതലാണ്.
Tags:
HEALTH