കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്. മെയ് 9 ന് അവസാനിച്ച ആഴ്ചയിൽ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു.
മാർച്ച് 14 മുതലാണ് രണ്ടാം ഘട്ടത്തിൽ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചത്. 4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായി. മെയ് 15 ന് 2966 മെയ് 16 ന് 2406 മെയ് 17ന് 1492 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്ച 20.06 ശതമാനവും തിങ്കളാഴ്ച 17.61 ശതമാനവുമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയുണ്ടായി.
ജില്ലയിൽ പൊതുവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ രോഗികൾ വർദ്ധിക്കുന്ന സാഹചര്യവുമുണ്ട്. ഒളവണ്ണ ( 45ശതമാനം) തൂണേരി (44ശതമാനം) കോട്ടൂർ (38 ശതമാനം), ചേളന്നൂർ ( 37 ശതമാനം) പഞ്ചായത്തുകളിലും രാമനാട്ടുകര (37 ശതമാനം) മുനിസിപ്പാലിറ്റിയിലുമാണ് രോഗവ്യാപനം കൂടുതലുള്ളത്.
രോഗലക്ഷണങ്ങളില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതാണ് പല തദ്ദേശസ്ഥാപനങ്ങളിലും രോഗ വ്യാപനതോത് കുറയാതിരിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.തദ്ദേശസ്ഥാപനങ്ങൾ ഒരുക്കിയ താല്കാലികലിക പരിചരണ കേന്ദ്രങ്ങളിലേക്ക് ആളുകൾ മാറി നിൽക്കാനുള്ള വിമുഖത കാണിക്കുന്നുണ്ട്. ഇങ്ങനെ വീടുകളിൽ കഴിയുന്നവർ രോഗം മറ്റുള്ളവരിലേക്കും പകരുന്നതിന് കാരണക്കാരാവുകയാണ്.
ജില്ലയിൽ 23തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവര ടിപിആര്‍ 30 ശതമാനത്തിനു മുകളിലാണ്. ഇവിടങ്ങളിൽ നിലവിലുളള നിയന്ത്രണങ്ങൾ കർശനമായി തുടരും. ആരോഗ്യ വകുപ്പിന്റെ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും നിതാന്ത ജാഗ്രത ഈ പ്രദേശങ്ങളിൽ ഉണ്ടാവണമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു നിർദ്ദേശിച്ചിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞാലേ നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയുള്ളൂ.
ആയഞ്ചേരി, ചങ്ങരോത്ത്, കായണ്ണ , തുറയൂർ, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ് താരതമ്യേന രോഗവ്യാപനം കുറവുള്ളത്. ഇവിടങ്ങളിൽ 17ശതമാനത്തിനും 21ശതമാനത്തിനും ഇടയിലാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Tags:
KOZHIKODE