തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം നീട്ടുന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ രോഗവ്യാപന തോത് വര്‍ധിക്കുമെന്നും നിയന്ത്രണം ഈ മാസം 16 വരെ നീട്ടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'മെയ് ഒമ്പത് വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാകും നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. നിയന്ത്രിക്കാനാവശ്യമായ നടപടകള്‍ക്ക് മാത്രമാണ് മുന്‍ഗണന കൊടുക്കുക' മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത്തരക്കാര്‍ മാത്രമേ പുറത്തിറങ്ങാവൂ. വല്ലാത്ത ഒരവസ്ഥയിലേക്ക് കടക്കുകയാണെങ്കില്‍ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരമാവധി ശ്രമമാണ് നടത്തുന്നത്. കമ്പനികളില്‍ ലഭ്യമാകുന്ന മുറയ്ക്ക് കൃത്യമായ ക്രമീകരണങ്ങളിലൂടെ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
0 Comments