ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വിവിധ മത മേധാവികളുമായി ഓൺലൈനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് യോഗത്തിൽ സന്നിഹിതനായിരുന്നു.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിലൊന്നായി കോഴിക്കോട് ജില്ല മാറിയിട്ടുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരും. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കോവിഡ് രോഗികൾക്ക് കൂടി ചികിത്സാ സൗകര്യങ്ങൾ പങ്കിടേണ്ട ബാധ്യത ജില്ലയിലെ ആശുപത്രികൾക്കുണ്ട്.
കൃത്യ സമയത്ത് ഓക്സിജൻ എത്തിക്കാൻ സാധിക്കാത്ത പ്രതിസന്ധി ഇപ്പോൾ തന്നെ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികൾ നേരിടുന്നുണ്ട്. ജില്ല കൂടുതൽ പ്രതിസന്ധിയിലേക്ക് പോവാതിരിക്കാനുള്ള മുൻകരുതൽ മുഴുവൻ ജനങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ജില്ലയിൽ ഇനിയും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ പരിഹരിക്കാനാവാത്ത പ്രതി സന്‌ധി നേരിടേണ്ടിവരുമെന്നുംകലക്ടർ പറഞ്ഞു.
ജില്ലയെ വീണ്ടുമൊരു പൂർണ്ണ അടച്ചിടലിലേക്ക് കൊണ്ടുപോവാതിരിക്കാൻ നിയന്ത്രണങ്ങൾ മുഴുവൻ ആളുകളും പാലിച്ചേ മതിയാകൂ.
കണ്ടെയ്ൻമെന്റ് സോണിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവ്വഹിക്കാം. അനുമതിയോടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകളിൽ അംഗസംഖ്യ 5 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർക്ക് അനുമതിയില്ല. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ള ആരാധനാലയങ്ങളിൽ പ്രവേശനം അനുവദനീയമല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആരാധനാലയങ്ങളുടെ ചുമതലക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കലക്ടർ പറഞ്ഞു.
Tags:
KOZHIKODE