തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍കക്ഷിയോഗത്തിന്റേതാണ് തീരുമാനം. ഇന്നലെ വൈകുന്നേരം മുതല്‍ സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ നിലവില്‍ വന്നു.
ബാറുകള്‍ക്കും, വിദേശമദ്യശാലകള്‍ക്കും പുറമേ സിനിമാ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, പാര്‍ക്കുകള്‍ എന്നിവയും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടുദിവസം പൂര്‍ണമായും അടച്ചിടും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ തോത് അനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടതുണ്ടെങ്കില്‍ കൂടുതല്‍ ദിവസത്തേക്ക് അടച്ചിടും.
രാത്രി 7.30 വരെയാണ് കടകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി. എന്നാല്‍ രാത്രി 9 വരെ റെസ്റ്റോറന്റുകള്‍ക്ക് ഭക്ഷണം പാഴ്‌സലായി നല്‍കാം.ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പളളികളില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുളളൂ. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കണം. ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കന്മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍,സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മതിയെന്ന് തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹേസ്റ്റലുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.