പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സഹജീവികൾക്ക് കുടിനീർ പദ്ധതി ആവിഷ്കരിച്ച് നടപ്പിൽ വരുത്തി.
പക്ഷികൾക്കും മറ്റു ജന്തുക്കൾക്കും വേനൽക്കാലത്ത് കുടിവെള്ളം നൽകുന്നതിനു പാത്രം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വരും ദിവസങ്ങളിൽ പാത്രത്തിൽ ആവശ്യത്തിന് വെള്ളം നിറച്ചു കൊടുക്കുന്നതിലൂടെ ഈ വേനൽക്കാലത്ത് ജന്തുക്കൾക്ക് ദാഹമകറ്റാൻ സൗകര്യമൊരുക്കുന്നു.
545 പാത്രങ്ങളാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്ഥാപിച്ചത്. പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പരിധിയിലുള്ള വ്യത്യസ്ത പ്രദേശങ്ങളിലായി താമസിക്കുന്ന കുട്ടികൾ അവരവരുടെ വീടുകളിലാണ് പാത്രം സ്ഥാപിച്ചത്.
സൗകര്യമനുസരിച്ച് പാത്രം ഉയരത്തിൽ തൂക്കുകയോ നിലത്ത് സ്ഥാപിക്കുകയോ ആവാം എന്നതായിരുന്നു നിർദ്ദേശം. കുട്ടികൾ പാത്രത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
പക്ഷികളോ മറ്റു ജന്തുക്കളോ വെള്ളം കുടിക്കുന്ന ഫോട്ടോയുടെ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സീഡ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. സി പി ബിന്ദു, കെ വി ഹരി, കെ കെ നസിയ, കെ അബ്ദുൽ ലത്തീഫ്, കെ മുബീന, എ കെ എസ് നദീറ, എം ലിജിത, കെ അബ്ദുസ്സലീം, എ കെ ഷീറാസ്, എം എസ് സതീഷ് കുമാർ, കെ രേഖ എന്നിവർ നേതൃത്വം നൽകി.
0 Comments