പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ എട്ട്, ഒൻപത് ക്ലാസ്സിൽ പഠിക്കുന്നവർക്കും സമീപ യു പി സ്ക്കൂളുകളിൽ നിലവിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവരുമായ കുട്ടികൾക്ക് അവസരം നൽകിക്കൊണ്ട് വോളിബോൾ പരിശീലനം ആരംഭിച്ചു. സ്ക്കൂൾ പരിസരത്ത് പ്രത്യേകം കോർട്ട് തയ്യാറാക്കിയാണ് പരിശീലനം. സ്ക്കൂളിലെ കയികാധ്യാപകനും ഗ്രീൻ സ്റ്റാർ നരിക്കുനിയുടെ മുൻ താരവുമായ എം സുധീഷാണ് പരിശീലകൻ. ഇതുവരെ ഈ സ്ക്കൂളിന് പരിചയമില്ലാത്ത ഒരു ഗെയിം സ്ക്കൂളിൽ കൊണ്ടുവന്നപ്പോഴുള്ള പ്രയാസങ്ങൾ മറികടക്കാനുള്ള ശ്രമത്തിലാണ് ഈ അധ്യാപകൻ.
അണ്ടർ സെവൻ്റീൻ ലെവൽ ടീം ആണ് ഉദ്ദേശിക്കുന്നതെന്നും സമീപ ഭാവിയിൽ കായിക രംഗത്ത് പുത്തൻ ഉണർവ് പകരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദിവസവും രാവിലെ രണ്ട് മണിക്കൂർ വീതമാണ് പരിശീലനം. പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗ്രൗണ്ട് തയ്യാറാക്കിയത്. അധ്യാപകരാണ് ആവശ്യമായ ബോളുകൾ സംഭാവന നൽകിയത്.
ലോക്ക് ഡൗൺ കാലത്തും ശേഷവും ഇത്രയും കാലം വെറുതെ ഇരുന്ന അവസ്ഥയിൽ ഫിറ്റ്നസ് നേടാനും അലസത മാറ്റി ഊർജ്ജസ്വലരാവാനും സഹായിക്കുന്ന മെച്ചപ്പെട്ട ക്യാമ്പ് ആണിതെന്ന് തീർഥാ രാജ് പറഞ്ഞു. വെറുതെയുള്ള തട്ടിക്കളിയല്ല വോളിബോളെന്ന് മനസ്സിലായതും വീടിൻ്റെ പരിസരത്ത് സൗകര്യമില്ലാത്ത ഞങ്ങൾക്ക് സ്ക്കൂൾ വലിയ അവസരമാണ് നൽകിയതെന്നും അഷ്നിബ് അഭിപ്രായപ്പെട്ടു.
പാസ്സുകൾ എടുക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ കഴിഞ്ഞത് പുതിയ അനുഭവമാണെന്നാണ് ഷിനാസ് പറയുന്നത്. വീട്ടിലിരുന്ന് തടികൂടുന്നതിൽ നിന്ന് രക്ഷപ്പെട്ടെന്നായിരുന്നു ദേവപ്രയാഗിൻ്റെ അഭിപ്രായം.