Trending

പിണങ്ങോടിൻ്റെ വിയോഗം; സമസ്തയ്ക്ക് നഷ്ടമായത് ബഹുമുഖ പ്രതിഭയെ!: ഡോ. മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി.

ധിഷണയുള്ള എഴുത്തുകാരൻ, പ്രതിഭാധനനായ പ്രഭാഷകൻ, കഴിവുറ്റ സംഘാടകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കുടമയായിരുന്നു നമ്മോട് പറഞ്ഞ പിണങ്ങോട് അബൂബക്കർ സാഹിബ്. പ്രവർത്തനങ്ങളിലെ കണിശതയും  ആഴത്തിലുള്ള പൊതുബോധവും മികച്ച സൗഹൃദവും അദ്ദേഹത്തിൻ്റെ സവിശേഷതകളായിരുന്നു. വിനയാന്വിതനായി എളിയ ജീവിതം നയിച്ച് ആദർശ സംഹിതയുടെ മുന്നണിപ്പോരാളിയായി മാതൃക തീർത്ത ഈ മഹൽ വ്യക്തിത്വം കടന്നു പോയ വഴികൾ ഏറെ കഠിനവും പ്രതിബന്ധങ്ങൾ നിറഞ്ഞതുമായിരുന്നു.
 


ഉമറലി തങ്ങൾ കേരളത്തിൽ നയിച്ച ശാന്തിയാത്രയുടെയും  സമസ്തയുടെ നിരവധി സമ്മേളനങ്ങളുടെയും ചുക്കാൻ പിടിക്കാൻ സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ മാനേജർ എന്ന നിലയിൽ അദ്ദേഹത്തിന് സാധിച്ചു. വൈകാരികമായ തീരുമാനങ്ങൾക്ക് വിധേയനാകാതെ പ്രതിസന്ധി കാലത്ത് സമസ്തക്ക് കരുത്ത് പകർന്ന സംഘാടകനെയാണ് നഷ്ടമായത്. 
    
സുപ്രഭാതം പത്രത്തിലെ അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ ശ്രദ്ധേയമായിരുന്നു. ദീർഘകാലം സുന്നി അഫ്കാർ വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച കാലത്ത് എനിക്കും ലേഘനങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും അവസരം തന്നു. ആവശത്തിൻ്റെ തള്ളൽ എവിടെയും പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം ആദർശത്തിൻ്റെ എതിരാളികൾക്ക് അക്കമിട്ട് മറുപടി പറഞ്ഞു. ആ പ്രഭാഷണ സദസുകൾ എന്നും നിറഞ്ഞു നിന്നു. കണക്കുകൾ നിരത്തി കാര്യങ്ങൾ പറയാനുള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി.

അൽബിർ സ്കൂൾസിൻ്റെ സംസ്ഥാന സമിതിയിലെ അംഗങ്ങളെന്ന നിലയിൽ അടുത്തിടപഴകാനും യാത്ര ചെയ്യാനും അടുത്ത കാലത്ത് ലഭിച്ച അവസരങ്ങൾ ഏറെ വിലപ്പെട്ടതാണ്. അൽബിറിൻ്റെ വളർച്ചയെക്കുറിച്ച് നിരവധി സ്വപ്നങ്ങൾ പങ്കു വയ്ക്കുകയും വേറിട്ട ഒരു വിദ്യാഭ്യാസ സംസ്കാരത്തിൻ്റെ അഭ്യൂന്നതിക്കായി ഉന്നതപഠനാവസരങ്ങൾ തുറക്കപ്പെടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്ന പിണങ്ങോട് തികഞ്ഞ മതഭക്തനും മതേതര ജനാധിപത്യ സംവിധാനങ്ങളുടെ പ്രയോക്താവുമായിരുന്നു.
  
സേവനം വളരെ അനിവാര്യമായിരുന്ന സമയത്താണ് പിണങ്ങോട് പിരിയുന്നത്. രോഗബാധിതനായി മിംസിൽ ഡോകടർമാരുടെ കടുത്ത നിയന്ത്രണങ്ങളിലായതിനാൽ കുറച്ച് ദിവസങ്ങളായി വിശ്രമത്തിലായിരുന്നു. അൽബിർ ഓഫീസിൽ വച്ചാണ് അവസാനമായി സംസാരിച്ചത്.
    
ലാളിത്യവും ജീവിത വിശുദ്ധിയും മുഖമുദ്രയാക്കിയ അദ്ദേഹത്തിൻ്റെ പരലോകജീവിതം നീ സ്വർഗീയമാക്കണേ നാഥാ....
Previous Post Next Post
3/TECH/col-right