Trending

മഷി ഉണങ്ങിയാല്‍ മാത്രം തിരഞ്ഞെടുപ്പ് ബൂത്ത് വിടാം; ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം ഇരട്ടവോട്ടുകൾ കണ്ടെത്തിയ പട്ടികകൂടി നൽകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനുപിന്നാലെ, ഈ പട്ടികയിലുള്ള വോട്ടർമാരെ വിരലിലെ മഷി പൂർണമായി ഉണങ്ങിയശേഷം മാത്രം ബൂത്തുവിടാൻ അനുവദിച്ചാൽ മതിയെന്നു നിർദേശം. 

മറ്റുള്ള വോട്ടർമാർക്ക് ഈ തീരുമാനം ബാധകമല്ല. കള്ളവോട്ട് തടയുന്നതിന് കർശന മാർഗനിർദേശങ്ങളാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. വോട്ടർപ്പട്ടിക സംബന്ധിച്ച പരാതികളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകൾ ആവർത്തിക്കുന്നതും സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എൻട്രികളും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടികൾ കർശനമാക്കുന്നത്. 

എല്ലാ രാഷ്ട്രീയകക്ഷികൾക്കും ആവർത്തനവോട്ടർമാരുടെ പട്ടിക നൽകാനും നിർദേശിച്ചിട്ടുണ്ട്. പോളിങ് ഏജന്റുമാർ പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഓഫീസറുടെ ഉത്തരവാദിത്വമാണ്. ആൾമാറാട്ടം നടന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും. ഇരട്ടവോട്ടു തടയുക ഇങ്ങനെ സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എറോനെറ്റ് സോഫ്റ്റ് വെയറിലെ ലോജിക്കൽ എറർ സംവിധാനം ഉപയോഗിച്ച് പരിശോധിക്കും. 

ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്തുതലത്തിൽ തയ്യാറാക്കും. ഈ പട്ടിക ബൂത്ത് ലെവൽ ഓഫീസർമാർക്ക് നൽകും. ഫീൽഡ്തല പരിശോധന. ഇതിലൂടെ യഥാർഥ വോട്ടർമാരെ കണ്ടെത്തും. വോട്ടർസ്ളിപ്പ് വിതരണത്തിനൊപ്പമാണ് ഫീൽഡുതല പരിശോധന. വോട്ടർമാർക്ക് യഥാർഥ എൻട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തും. , ബി. എൽ.ഒ.മാർ കണ്ടെത്തുന്ന ആവർത്തനം അവർക്കു നൽകിയിട്ടുള്ള സമാനവോട്ടർമാരുടെ പട്ടികയിൽ രേഖപ്പെടുത്തും. ഇത് ഈമാസം 30-നുമുമ്പ് വരണാധികാരികൾക്ക് നൽകണം. തിരഞ്ഞെടുപ്പിന് മുന്പ് ആവർത്തനമുള്ള പേരുകാരുടെ പട്ടിക വരണാധികാരികൾ പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകും. വോട്ടെടുപ്പ് ദിനത്തിൽ കള്ളവോട്ട് തടയാനായി ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രിസൈഡിങ് ഓഫീസർമാർ പ്രത്യേകം അടയാളപ്പെടുത്തും. ഈ പട്ടികയിലുള്ള വോട്ടർമാർക്ക് കൃത്യമായി വിരലിൽ മഷി പതിപ്പിക്കും. മഷി ഉണങ്ങിയശേഷം മാത്രമേ ബൂത്ത് വിടാൻ അനുവദിക്കൂ. ഇതേയാൾ മറ്റൊരിടത്ത് വോട്ടുചെയ്യുന്നത് ഒഴിവാക്കാനാണിത്.
Previous Post Next Post
3/TECH/col-right