Trending

കോവിഡ് രണ്ടാം വ്യാപനത്തിന് സാധ്യത; വിവാഹ ചടങ്ങുകളിലുള്‍പ്പെടെ ആൾക്കൂട്ടം, സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാല്‍ കൂടാതെ ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂര്‍ണമായും അടച്ചിടും. സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച്‌ 31 വരെ അവധി നല്‍കിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ കര്‍ശനമായി ജനങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു, കോവിഡ് മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഞ്ച് മാസമായി കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ ഇടിവിന് ശേഷം, കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഈ കണക്കുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി.

വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകള്‍ ഇന്ത്യയില്‍ രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വലിയ രീതിയില്‍ ആളുകളെത്തുന്ന പരിപാടികളാണ്.

ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് ഇനിയും കോവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഗ്രാമങ്ങളില്‍ വലിയ രീതിയിലുള്ള കോവിഡ് വ്യാപനമുണ്ടായാല്‍ അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കൂടുതല്‍ ആളുകളെത്തുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right