മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ച് പെരുമ്പാവൂരിലേക്കു കടത്തിയ രണ്ടു ലോഡ് വീട്ടി വനം വകുപ്പ് പിടിച്ചെടുത്തു. പെരുമ്പാവൂരിലെ സ്വകാര്യ ടിംബര്‍ ഡിപ്പോയില്‍നിന്നു കസ്റ്റഡിയിലെടുത്ത ലോഡുകള്‍ ഇന്നു രാവിലെ മേപ്പാടിയില്‍ എത്തിച്ചു. കസ്റ്റഡിയിലെടുത്ത വീട്ടിത്തടികള്‍ക്കു 20 ലക്ഷം രൂപ വിലമതിക്കും.
വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നു മുറിച്ച മരങ്ങള്‍ വാഴവറ്റയിലെ തടിമില്ലിന്റെ പേരില്‍ അനുവദിച്ച പാസ് ദൂരുപയോഗം ചെയ്താണ് പെരുമ്പാവൂരിലേക്കു കടത്തിയത്. വാഴവറ്റയിലെ തടിമില്ല് ഉടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തു.
മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ഷെമീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി.അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.മോഹനന്‍, ഗണേഷ്ബാബു, എം.നിസാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് ലോഡുകള്‍ പിടിച്ചെടുത്തത്.
റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും വച്ചുപിടിപ്പിച്ചതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ള മുറിച്ചെടുക്കുന്നതിനു ഭൂവുടമകളെ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ വീട്ടിമുറി നടന്നത്. മരംമുറി അനുവദിക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.