സംസ്ഥാനത്ത് വിഷുവിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നു. ഏപ്രിൽ പതിനഞ്ചിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തിരഞ്ഞെടുപ്പ് ഫലം വരുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്താനാണ് കമ്മിഷന് താത്പര്യമെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മിഷൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മിഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും. ഇന്ന് സംഘം തമിഴ്‌നാട്ടിൽ സന്ദർശനം നടത്തുന്നുണ്ട്. വെളളിയാഴ്ച സംഘം പുതുച്ചേരി സന്ദർശിക്കും. ഇതിനുശേഷം ശനിയാഴ്‌ചയാകും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തുക. ശനി, ഞായർ ദിവസങ്ങളിൽ സംഘം കേരളത്തിലെ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയവരുമായി ചർച്ച നടത്തും.
നേരത്തെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ പശ്ചിമ ബംഗാളിലും അസമിലും സന്ദർശനം നടത്തിയിരുന്നു. പശ്ചിമബംഗാളിൽ അധികമായി സുരക്ഷാസേനയെ വിന്യസിക്കണമെന്നും, കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തണമെന്നുമാണ് രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുവച്ച അഭിപ്രായം.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വീണ്ടും ചർച്ച നടത്തും. ഈ മാസം അവസാനത്തെ ആഴ്ച കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകും. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവരും. ഏപ്രിൽ 30നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് സാദ്ധ്യത. കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനും ആലോചനയുണ്ട്. ചെറിയ സംസ്ഥാനമായതിനാൽ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് രാഷ്ട്രീയ പാർട്ടികളുടെ അടക്കം അഭിപ്രായം മാനിച്ച് മാത്രമേ തീരുമാനം ഉണ്ടാവുകയുളളൂ.