Trending

പള്ളിപ്പുറം വാകപ്പൊയിൽ ശ്രീവിഷ്ണു ക്ഷേത്രം വക വയലിലെ സംഘ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

താമരശ്ശേരി: പള്ളിപ്പുറം വാകപ്പൊയിൽ ശ്രീവിഷ്ണു ക്ഷേത്രം വക വയലിലെ സംഘ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. വാകപ്പൊയിൽ ക്ഷേത്രത്തിലെ തേവർക്ക് വർഷം മുഴുവൻ നിവേദ്യത്തിന് ക്ഷേത്രം വയലിൽ വിളയിച്ച ഉണങ്ങലരി.

വാകപ്പൊയിൽ ശ്രീവിഷ്ണു ക്ഷേത്രത്തിൽ നിത്യപൂജയ്ക്കും ഉത്സവ ആവശ്യത്തിനും വേണ്ട ഉണങ്ങലരി ക്ഷേത്രം വക വയലിൽ കൃഷി ചെയ്തുണ്ടാക്കാൻ ക്ഷേത്ര സംരക്ഷണ സമിതിയുടെ സഹകരണത്തോടെ സൗപർണ്ണിക സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിലാണ് നെൽകൃഷി നടത്തിയത്.


ഒന്നര ഏക്കർ വയലിൽ ജലലഭ്യതയില്ലാത്ത കുറച്ചു സ്ഥല മൊഴിമാക്കി ഏതാണ്ട് ഒരേക്കറിൽപരം വരുന്ന വയലിൽ നിലമൊരുക്കാനും, വിത്ത് ലഭ്യമാക്കാനും, കുമ്മായവും വളവും മിതമായ നിരക്കിൽ ലഭിക്കാനും താമരശ്ശേരി കൃഷി ഭവൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും പൂർണ്ണ സഹകരണം ലഭിച്ചു.

ജലലഭ്യതയിലെ കുറവും, കാലം തെറ്റി പെയ്ത മഴയും ചെറിയ തോതിൽ വിളവിനെ ബാധിച്ചിരുന്നു. ടില്ലർ ഉപയോഗിച്ചുള്ള നിലമൊരുക്കൽ വരമ്പുപണി, കൊയ്ത്ത്, മെതി, കീടനാശിനി, വളം എന്നിവയ്ക്കുള്ള ചെലവുകൾ കണക്കാക്കുമ്പോൾ നൂറുമേനി വിളവു ലഭിച്ചാൽ മാത്രമേ കൃഷി നഷ്ടത്തിൽ കലാശിക്കാതിരിക്കൂ.

കുറെപ്പേരുടെ ശ്രമദാനവും ബാക്കി കൂലിപ്പണിയുമായി നടത്തിയ സംഘകൃഷി അനുദിനം അന്യം നിന്നുപോകുന്ന കാർഷിക സംസ്കൃതി നിലനിർത്താനുള്ള എളിയ ശ്രമത്തിൻ്റെ ഭാഗമാണ്.നെല്ല് കൊയ്ത്തിൽ പങ്കെടുത്തവർക്ക് ക്ഷേത്രം ഹാളിൽ ക്ഷേത്രമാതൃസമിതി ഭക്ഷണം പാചകം ചെയ്തു നൽകി. കല്യാണിക്കുട്ടി അമ്മ, ഷൈനി രാജേഷ്, ഉഷ അശോകൻ, ഗായത്രി അരവിന്ദൻ നേതൃത്വം നൽകി.

ഗ്രാമ പഞ്ചായത്ത് അംഗം റംല കാദർ നെല്ല് കൊയ്ത്കൊണ്ട് വിളവെടുപ്പ് ഉൽഘാടനം ചെയ്തു.മുൻ അംഗം എൻ.പി.മുഹമ്മദാലി, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് നാരായണൻ ശ്രീശാസ്ത, സൗപർണ്ണിക സംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, പി.ടി.മനോജ് കുമാർ, സി.പി.കാദർ ,കെ.ശശിധരൻ, കെ.മോഹനൻ, ടി.ഉദയകുമാർ, സരോജിനി, ലീല, കെ.രാധാകൃഷ്ണൻ ,രാജൻ നമ്പ്യാർ, സുധീർ ബാബു തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right